
ന്യൂഡൽഹി: ശിവസേനയിലെ ഏകനാഥ് ഷിൻഡെ വിഭാഗത്തിനും ഉദ്ധവ് താക്കറെ വിഭാഗത്തിനും പുതിയ പേര് നിർദ്ദേശിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഷിൻഡെ വിഭാഗം 'ബാലാസാഹെബാഞ്ചി ശിവസേന" എന്നും, ഉദ്ധവ് താക്കറെ പക്ഷം 'ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ" എന്ന പേരിലും തിരഞ്ഞെടുപ്പിൽ മത്സരിക്കും.
മാതൃ പാർട്ടിയുടെ ചിഹ്നമായ അമ്പും വില്ലും തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചതിനാൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ധവ് താക്കറെ വിഭാഗത്തിന് തീപ്പന്തം അനുവദിച്ചു. 'ത്രിശൂൽ', 'ഉദയസൂര്യൻ', 'ഗദ' എന്നിവയിൽ ഏതെങ്കിലും അനുവദിക്കണമെന്ന ഷിൻഡെ വിഭാഗത്തിന്റെ വാദം കമ്മിഷൻ തള്ളി. സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിൽ ഇല്ലാത്തതിനാൽ നൽകാനാകില്ലെന്നാണ് കമ്മിഷൻ നിലപാട്. പകരംമൂന്ന് പുതിയ ചിഹ്നങ്ങളുടെ പട്ടിക ഇന്ന് നൽകാനും കമ്മിഷൻ ആവശ്യപ്പെട്ടു.
അതേസമയം ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.