
ന്യൂഡൽഹി: ജയിലിലുള്ള സക്കറിയയുടെ മാതാവ് ബിയുമ്മയും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും യു.എ.പി.എ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. കേസിന്റെ വിശദാംശങ്ങൾ സത്യവാങ്ങ്മൂലമായി സമർപ്പിക്കാൻ ഹർജിക്കാർക്ക് കോടതി അനുമതി നൽകി. യു.എ.പി.എ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളെല്ലാം 18 ന് പരിഗണിക്കാനും ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. സംഘടനകളെ നിരോധിക്കുന്നതിനും വ്യക്തികളുടെ തീവ്രവാദ ബന്ധം തീരുമാനിക്കുന്നതിനും കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന വകുപ്പുകളുടെയും ജാമ്യം നിഷേധിക്കുന്നതിന് കാരണമാകുന്ന വകുപ്പുകളുടെയും ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ഹർജികൾ നൽകിയത്. മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദിയാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്.