
#വിചാരണ ബംഗളുരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ഹർജിയിൽ വിധി 20ന്
ന്യൂഡൽഹി:സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളുരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ഹർജി
സുപ്രീം കോടതി ഒക്ടോബർ 20 ന് പരിഗണിക്കാനായി മാറ്റി. അന്ന് ഹർജിയിൽ തീർപ്പുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് പറഞ്ഞു. ഇ.ഡിയുടെ ഹർജിയിൽ വിശദമായ സത്യവാങ്ങ്മൂലം ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിനോടും, എം. ശിവശങ്കറിനോടും നിർദ്ദേശിച്ചു. കേസിൽ കക്ഷി ചേരാനുള്ള കേരളത്തിന്റെ അപേക്ഷയും അംഗീകരിച്ചു.
ഇ.ഡിയുടെ ഹർജി പരിഗണിക്കവെ,സുപ്രീം കോടതിയിൽ ഇന്നലെ ചൂടുപിടിച്ച വാദങ്ങളാണ് നടന്നത്. സ്വപ്ന സുരേഷിന്റെ മൊഴി സംസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിച്ചെന്നാണ് സംസ്ഥാനത്തിന്റെ ഹർജിയിൽ പറഞ്ഞത്. വിചാരണ ബംഗളൂരുവിലേക്ക് മാറ്റാൻ ഇത് ഉചിതമായ കാരണമാണെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി, കുടുംബാംഗങ്ങൾ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി, മുൻ സ്പീക്കർ, മുൻ മന്ത്രി എന്നിവർക്കെതിരെയും ആരോപണമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാൽ, മുഖ്യമന്ത്രിയുടെ പേര് പരാമർശിച്ചതിനെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ എതിർത്തു. . മുഖ്യമന്ത്രിക്കെതിരെയുള്ളത് പ്രതി സ്വപ്നയുടെ ആരോപണം മാത്രമാണെന്നും,രേഖകളുടെ പിൻബലമില്ലാതെ കാര്യങ്ങൾ പറയരുതെന്നും കപിൽ സിബൽ പറഞ്ഞു.
. അട്ടക്കുളങ്ങര സബ് ജയിലിൽ കഴിയുമ്പോൾ സംസ്ഥാന പൊലീസ് ഭീഷണിപ്പെടുത്തിയതായി സ്വപ്നയുടെ മൊഴിയിലുണ്ടെന്ന് തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ഉന്നതരുടെ പേര് പറയാതിരിക്കാൻ പല തവണ ഭീഷണിപ്പെടുത്തിയതായി ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കുമ്പോൾ സ്വപ്ന മജിസ്ട്രേട്ട് കോടതിയോട് പരാതി പറഞ്ഞിട്ടുണ്ട്. . കോടതി ഇടപെട്ടതിന് ശേഷം പരാതിയുണ്ടായോയെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് ചോദിച്ചപ്പോൾ,.ഇല്ലെന്ന് തുഷാർ മേത്ത മറുപടി നൽകി. മുഖ്യമന്ത്രിയുടെയും മറ്റ് ഉന്നതരുടെയും പേര് പറയാൻ നിർബ്ബന്ധിച്ചെന്ന സന്ദീപ് നായരുടെ മൊഴിയുടെ പിൻബലത്തിൽ ,ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേരള പൊലീസ് കേസെടുത്തു. എന്നാൽ ഹൈക്കോടതി ഈ കേസ് തള്ളി. പിന്നീട് ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയമിച്ചു. സംസ്ഥാന പൊലീസിനെയടക്കം ഉപയോഗിച്ച് കേസന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതലേ സംസ്ഥാന സർക്കാർ ശ്രമം നടത്തിയതായും തുഷാർ മേത്ത പറഞ്ഞു.
ഇ.ഡി രേഖാമൂലം ആവശ്യപ്പെട്ടിട്ടാണ് കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതെന്ന് കപിൽ സിബൽ വ്യക്തമാക്കി. തുടർന്നാണ്, ഇ.ഡിയുടെ ഹർജിയിൽ വിശദമായ മറുപടി സത്യവാങ്ങ്മൂലം ഫയൽ ചെയ്യാൻ അനുമതി നൽകിയത്. തടസ്സഹർജി നൽകിയ എം.ശിവശങ്കറിനും മറുപടി സത്യവാങ്ങ്മൂലം നൽകാം. കേരള സർക്കാരിന് വേണ്ടി കപിൽ സിബലിന് പുറമെ മുതിർന്ന അഭിഭാഷകൻ സി.യു .സിംഗ്, സ്റ്റാന്റിംഗ് കൗൺസൽ സി.കെ ശശി എന്നിവരും, ശിവശങ്കറിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, അഭിഭാഷകരായ സെൽവിൻ രാജ, മനു ശ്രീനാഥ് എന്നിവരും ഹാജരായി.