
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് അപ്രതീക്ഷിത കോണുകളിൽ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥാനാർത്ഥി പരിവേഷവുമായി രംഗത്തുള്ള മുതിർന്ന നേതാവ് മല്ലികാർജ്ജുന ഖാർഗെയ്‌ക്ക് അതു ഭീഷണിയാകില്ലെന്നാണ് വിലയിരുത്തൽ. ഒരു ദിവസം രണ്ടു സംസ്ഥാനങ്ങൾ എന്ന തോതിൽ പ്രചാരണത്തിൽ ശശി തരൂരിനെക്കാൾ മുന്നിട്ടു നിൽക്കുകയാണ് ഖാർഗെ. അതേസമയം, വിലാസവും ഫോൺ നമ്പരും ലഭ്യമല്ലാത്തതിനാൽ വോട്ടവകാശമുള്ള പ്രതിനിധികളിൽ പലരുമായും ബന്ധപ്പെടാൻ ശശി തരൂർ ബുദ്ധിമുട്ടുന്നുണ്ട്.
ഔദ്യോഗിക സ്ഥാനാർത്ഥിയല്ലെന്ന് പറയുന്നുണ്ടെങ്കിലും ഒരു ദിവസം രണ്ട് സംസ്ഥാന പി.സി.സി ഓഫീസുകളിൽ നേരിട്ടെത്തുന്ന ഖാർഗെയ്‌ക്ക് പിന്തുണയുമായി പ്രമുഖ നേതാക്കൻമാർ രംഗത്തുണ്ട്. ഓരോ സംസ്ഥാനത്തെയും വോട്ടർമാരുടെ പേരു വിവരങ്ങൾ ഖാർഗെയെ പ്രചാരണത്തിൽ സഹായിക്കുന്ന നാസിർ ഹുസൈൻ, ഗൗരവ് വല്ലഭ്, ദീപേന്ദ്ര ഹൂഡ എന്നിവർക്ക് ഇവർ കൈമാറുന്നുണ്ട്. അവരെ ഫോണിൽ വിളിച്ച് വോട്ട് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. ഖാർഗെയ്‌ക്ക് പിന്നിൽ പ്രതിനിധികൾ ഒറ്റക്കെട്ടാണെന്ന് പ്രചാരണം ഏകോപിപ്പിക്കുന്ന രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, ശശി തരൂരിന്റെ ഡൽഹി ഓഫീസിൽ നിന്ന് വോട്ടർമാരുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് വോട്ട് അഭ്യർത്ഥിച്ചുള്ള സന്ദേശങ്ങൾ അയയ്‌ക്കുകയാണ്. പലരെയും നേരിട്ട് ഫോണിൽ വിളിച്ചും വോട്ടഭ്യർത്ഥിക്കുന്നുണ്ട്. പ്രതിനിധികൾ അനുകൂലമായാണ് പ്രതികരിക്കുന്നതെന്നും രഹസ്യ ബാലറ്റ് ആയതിനാൽ വോട്ടു ചെയ്യുമ്പോൾ തങ്ങളുടെ മനസ്സിലുള്ളത് പ്രകടിപ്പിക്കുമെന്നും തരൂരിന്റെ സഹായികൾ പറയുന്നു.
ഇന്നലെ മല്ലികാർജ്ജുന ഖാർഗെ ഉത്തർപ്രദേശിൽ പി.സി.സി ആസ്ഥാനമായ ലക്നൗവിലും ബീഹാറിൽ പാറ്റ്‌നയിലും നേരിട്ടെത്തി വോട്ട് അഭ്യർത്ഥിച്ചു. യു.പിയിൽ ഇറ്റാവാ ജില്ലയിലെ സെഫായി ഗ്രാമത്തിൽ അന്തരിച്ച സമാജ്‌വാദ് പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ സംസ്‌കാരച്ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. കോൺഗ്രസ് നേതാവ് പ്രമോദ് തിവാരിയും ഒപ്പമുണ്ടായിരുന്നു. ഇന്ന് ഖാർഗെ മദ്ധ്യപ്രദേശിലേക്ക് പോകും. മുലായം സിംഗിന്റെ മരണത്തെ തുടർന്ന് യു.പിയിൽ കഴിഞ്ഞ ദിവസം നിറുത്തിവച്ച പ്രചാരണം ശശി തരൂർ ഇന്നലെ പുനഃരാരംഭിച്ചു.