mulayam-sing

ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി സ്ഥാപകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര പ്രതിരോധമന്ത്രിയുമായ മുലായം സിംഗിന്റെ (82) മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ജൻമസ്ഥലമായ ഇറ്റാവാ ജില്ലയിലെ സെഫായ് ഗ്രാമത്തിൽ സംസ്‌കരിച്ചു. മകനും യു.പി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ചിതയ്‌ക്ക് തീകൊളുത്തി. ചടങ്ങിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് പ്രവർത്തകരും രാഷ്‌ട്രീയ കക്ഷി ഭേദമെന്യേ നേതാക്കളുമെത്തിയിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ഡൽഹിയിൽ നിന്ന് സെഫായിലെ കുടുംബ വീട്ടിൽ എത്തിച്ച ഭൗതിക ശരീരം പൊതുദർശനത്തിന് ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് വിലാപയാത്രയായാണ് ശ്‌മശാനത്തിലേക്ക് കൊണ്ടുവന്നത്. വഴിക്ക് ഇരുവശത്തും തിക്കിത്തിരക്കിയ നൂറു കണക്കിന് ആളുകൾ 'നേതാജി അമർ രഹേ"എന്നു വിളിച്ച് അന്ത്യാജ്ഞലി അർപ്പിച്ചു.

കേന്ദ്ര സർക്കാർ പ്രതിനിധിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ലോക്‌സഭാ സ്‌പീക്കർ ഓംബിർള, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, യു.പി ഉപമുഖ്യമന്ത്രിമാരായ ബ്രജേഷ് പഥക്, കേശവ് പ്രസാദ് മൗര്യ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ, തെലുങ്കുദേശം പാർട്ടി അദ്ധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു, വ്യവസായി അനിൽ അംബാനി, മുലായത്തിന്റെ സഹോദരനും പ്രഗതിശീൽ സമാജ്‌വാദി പാർട്ടി (ലോഹിയ) നേതാവുമായ ശിവപാൽ യാദവ്, കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി, എൻ.സി.പി നേതാവ് സുപ്രിയ സുലെ, മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേൽ, രാഷ്ട്രീയ ലോക്ദൾ നേതാവ് ജയന്ത് ചൗധരി, കർഷക നേതാവ് രാകേഷ് ടികായത്, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ്, യോഗ ഗുരു ബാബാ രാംദേവ്, സമാജ്‌വാദി പാർട്ടി എം.പി ജയബച്ചൻ, മകൻ അഭിഷേക് ബച്ചൻ തുടങ്ങി നിരവധി പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.