
ന്യൂഡൽഹി: 80-ാം പിറന്നാൾ ദിനം ഹോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനെ ആശംസയിൽ മൂടി ആരാധകർ. ജനത്തെ ആവേശഭരിതരാക്കുകയും രസിപ്പിക്കുകയും ചെയ്ത ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയമായ വ്യക്തിത്വമാണ് അമിതാഭ് ബച്ചനെന്നും അദ്ദേഹത്തിന് ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ കഴിയട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ നേർന്ന് ട്വിറ്ററിൽ കുറിച്ചു. അങ്ങയുടെ അനുഗ്രഹത്തിന്റെ വാക്കുകൾ എപ്പോഴും പ്രചോദനമാണെന്നും ആശംസ നേർന്നതിന് നന്ദിയുണ്ടെന്നും ബച്ചൻ മറുപടിയായി ട്വിറ്ററിൽ കുറിച്ചു.
ഇന്നലെ അർദ്ധരാത്രി 12ന് ബച്ചന്റെ മുംബയിലെ വസതിയായ ജൽസയിലെത്തി നൂറുകണക്കിന് ആരാധകരാണ് പിറന്നാൾ ആശംസകൾ നേർന്നത്. മകൾ ശ്വേത ബച്ചനൊപ്പം വീടിന് പുറത്തിറങ്ങി ആരാധകർക്കൊപ്പം സമയം ചെലവിട്ട ബച്ചന്റെ വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. അമിതാഭ് ബച്ചൻ അവതാരകനായി എത്തുന്ന കോൻ ബനേഗ ക്രോർപതി എന്ന ഷോയിൽ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ഭാര്യ ജയ ബച്ചനും മകൻ അഭിഷേക് ബച്ചനും പങ്കെടുത്തപ്പോൾ ബിഗ് ബി വികാരാധീനനായ വീഡിയോ മകൻ അഭിഷേക് ബച്ചൻ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കിട്ടു.
പിതാവ് ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ജോലി സ്ഥലത്തുള്ള 80-ാം ജന്മദിനാഘോഷം ഏറെ വൈകാരികമായിരുന്നെന്നും ഇതിന് തങ്ങളെ സഹായിച്ച മുഴുവൻ പേരെയും നന്ദി അറിയിക്കുന്നതായും അഭിഷേക് ട്വിറ്ററിൽ കുറിച്ചു. എത്ര പ്രായമായാലും ഒരു മകൻ പിതാവിന് മുമ്പിൽ കുട്ടിയായി തുടരുമെന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പിറന്നാൾ ആഘോഷം. ജയ ബച്ചൻ ഇഷ്ടഭക്ഷണം നൽകുന്നതും കേക്ക് മുറിക്കുന്നതുമായ രംഗങ്ങളുൾപ്പടെയുള്ള വീഡിയോയും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇതിഹാസം, എന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നു. മഹത്തായ ഇന്ത്യൻ സിനിമയുടെ വികാരവും സൂപ്പർ ഹീറോയും 80ലേക്ക് കടക്കുകയാണെന്നും ഏറെ ബഹുമാനത്തോടെ പിറന്നാൾ ആശംസകൾ നേരുന്നെന്നും രജനികാന്ത് ട്വിറ്ററിൽ കുറിച്ചു. ഷാരൂഖ് ഖാൻ, നടി ജയപ്രദ, ഹാസ്യ നടൻ കപിൽ ശർമ്മ തുടങ്ങി നിരവധി പേരാണ് ബിഗ് ബിക്ക് ആശംസകൾ നേർന്നത്.