ന്യൂഡൽഹി: കേന്ദ്ര സർവ്വകലാശാലകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അദ്ധ്യയനത്തിനും പരീക്ഷകളിലും ഹിന്ദി പ്രധാന ഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതിയുടെ ശുപാർശയിൽ ഹിന്ദി ഇതര സംസ്ഥാനങ്ങൾക്ക് ആശങ്ക. പൊതുപ്രവേശന പരീക്ഷകളും ഹിന്ദിയിൽ എഴുതേണ്ടി വരുമോ എന്നതാണ് വിദ്യാർത്ഥികളെ ഉൾപ്പെടെ അലട്ടുന്നത്.
ഐ.ഐ.ടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, എയിംസ്, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, കേന്ദ്ര സർവകലാശാലകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഹിന്ദി പഠന മാദ്ധ്യമാക്കണമെന്ന ശുപാർശയും കേരളം അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും ഇംഗ്ളീഷ് ഉപയോഗിക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും വിദ്യാർത്ഥികൾക്ക് കടുപ്പമാകും.
റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഇംഗ്ലീഷിലുള്ള ചോദ്യപേപ്പർ ഒഴിവാക്കാനുള്ള ശുപാർശയാണ് മറ്റൊരു ആശങ്ക. കേന്ദ്ര സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോൾ ഹിന്ദി പരിജ്ഞാനം കർശനമാകും. ഹിന്ദി ബെൽറ്റിലെ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ ഹിന്ദി ഉപയോഗിക്കുന്നില്ലെങ്കിൽ മുന്നറിയിപ്പ് നൽകണമെന്നും ശുപാർശയുണ്ട്.
പഠന മാദ്ധ്യമം ഹിന്ദിയോ പ്രാദേശിക ഭാഷകളോ ആയിരിക്കണമെന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥ അനുസരിച്ചാണ് ശുപാർശയെന്ന് പാർലമെന്ററി സമിതി ഉപാദ്ധ്യക്ഷനും ബി.ജെ.ഡി നേതാവുമായ ഭർത്തൃഹരി മെഹ്‌താബ് പറഞ്ഞു.
ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ഡൽഹി യൂണിവേഴ്‌സിറ്റി, ജാമിയ മിലിയ ഇസ്‌ലാമിയ, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി ഉപയോഗം 20 മുതൽ 30 ശതമാനം മാത്രമാണെന്നാണ് സമിതിയുടെ അഭിപ്രായം. ഇവിടങ്ങളിൽ ഹിന്ദി ഉപയോഗം 100 ശതമാനമാക്കണമെന്നും നിർദ്ദേശിക്കുന്നു.
വിവിധ സംസ്ഥാനങ്ങളിലെ ആളുകൾ പരസ്പരം ആശയവിനിമയം നടത്തേണ്ടത് ഹിന്ദിയിലാവണമെന്നാണ് അമിത് ഷായുടെ നിർദ്ദേശം.
എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ഉയരാനിടയുണ്ട്.