court-order

ന്യൂഡൽഹി: ബലാത്സംഗക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിക്കൊപ്പം ആക്ഷേപകരമായ ചിത്രം സമർപ്പിച്ചതിന് അഭിഭാഷകനെതിരെ 25,000 രൂപ പിഴ ചുമത്തി ബോംബെ ഹൈക്കോടതി. ഹർജിക്കാരന്റെ അഭിഭാഷകൻ വിവേചനാധികാരം പ്രയോഗിച്ചില്ലെന്ന് ജസ്റ്റിസ് രേവതി മൊഹിതേദേര,ജസ്റ്റിസ് എസ്.എം മോദക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ബലാത്സംഗ കേസിലെ എഫ്.ഐ.ആറും കുറ്റപത്രവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയുടെ ഭാര്യ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടയിലാണ് ചിത്രങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഹർജി രജിസ്ട്രിക്ക് മുമ്പാകെ ഫയൽ ചെയ്യപ്പെട്ടാൽ വിവിധ വകുപ്പുകൾ വഴി ഫോട്ടോഗ്രാഫുകൾ പ്രചരിപ്പിക്കപ്പെടും. ഇത് കക്ഷികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ചിത്രങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും കോടതി അഭിഭാഷകന് നിർദ്ദേശം നൽകി.