
ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധവും രാജ്യ വിരുദ്ധ പ്രവർത്തനങ്ങളും ചുമത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് നാഗ്പൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഡൽഹി സർവകലാശാലയിലെ മുൻ പ്രൊഫസർ ജി.എൻ. സായിബാബയെ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് കുറ്റവിമുക്തനാക്കി. മറ്റേതെങ്കിലും കേസിൽ പ്രതിയല്ലെങ്കിൽ ഉടൻ ജയിൽ മോചിതരാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. 2017ൽ വിചാരണക്കോടതിയായ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സായിബാബയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സായിബാബ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് രോഹിത് ദിയോ, ജസ്റ്റിസ് അനിൽ പൻസാരെ എന്നിവരടങ്ങിയ ബെഞ്ച് കുറ്റവിമുക്തനാക്കിയത്. ഈ കേസിൽ സായിബാബയോടൊപ്പം ഒരു മാദ്ധ്യമപ്രവർത്തകനെയും ജെ.എൻ.യുവിലെ ഒരു വിദ്യാർത്ഥിയെയും ഉൾപ്പെടെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. ഇവരെയും കോടതി വെറുതെ വിട്ടു. രോഗബാധിതനായി വീൽചെയറിലായ സായിബാബ നിലവിൽ നാഗ്പൂർ സെൻട്രൽ ജയിലിൽ തടവിലാണ്.
സുപ്രീം കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിംഗ്
മാവോയിസ്റ്റ് കേസിൽ പ്രൊഫ. സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി നാഗ്പൂർ ബെഞ്ചിന്റെ വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ അപ്പീൽ നൽകി. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അവധി ദിനമായ ഇന്ന് രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റിസ് എം.ആർണ ഷാ, ജസ്റ്റിസ് ബേല എംണ ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. ബോംബെ ഹൈക്കോടതി ഉത്തരവ് വന്നതിന് തൊട്ട് പിന്നാലെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി.