ന്യൂഡൽഹി:കണ്ണമ്മൂല സുനിൽ ബാബു കൊലക്കേസ് പ്രതി കാരി ബിനുവിന്റെ ശിക്ഷ റദ്ദാക്കൽ ഹർജിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് വീണ്ടും നോട്ടീസ് അയച്ചു. ശിക്ഷ ഇളവിൽ സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിനു നൽകിയ ഹർജിയിൽ കോടതി നേരത്തെ സംസ്ഥാനത്തിന്റെ നിലപാട് തേടിയിരുന്നു. എന്നാൽ സംസ്ഥാനം ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് അഭിഭാഷകരായ എം.കെ.അശ്വതി, മനോജ് സെൽവരാജ് എന്നിവർ കോടതിയെ അറിയിച്ചതോടെയാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സുധാൻ ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് സ്റ്റാന്റിംഗ് കോൺസൽ മുഖേന നോട്ടീസ് അയക്കാൻ നിർദ്ദേശം നൽകിയത്. സി.ഐ.ടി.യു പ്രവർത്തകനായ സുനിൽ ബാബുവിനെ 2015 ഡിസംബർ 13നാണ് കൊലപ്പെടുത്തിയത്. കേസിൽ എട്ട് പ്രതികൾക്കും അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു.