
ന്യൂഡൽഹി: കോൺഗ്രസിന് അനുവദിച്ച രാസവള, രാസ വകുപ്പിനായുള്ള പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷനായി ശശി തരൂരിനെയും (ലോക്‌സഭ), വാണിജ്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷനായി മനു അഭിഷേക് സിംഗ്‌വിയെയും നിയമിച്ച് ഉത്തരവായി.
കോൺഗ്രസിന് നേരത്തെ നൽകിയിരുന്ന ഐ.ടി (ലോക്‌സഭ), ആഭ്യന്തരം (രാജ്യസഭ) വകുപ്പുകൾക്ക് പകരമാണ് ഇത്. പ്രതാപ് റാവു ജാദവാണ് (ശിവസേന-ഷിൻഡെ) ഐ.ടി കമ്മിറ്റി അദ്ധ്യക്ഷൻ. ബി.ജെ.പി രാജ്യസഭാ എം.പിയും ഉത്തർപ്രദേശ് മുൻ ഡി.ജി.പിയുമായ ബ്രിജ് ലാലാണ് ആഭ്യന്തരത്തിനായുള്ള കമ്മിറ്റി അദ്ധ്യക്ഷൻ. സമാജ്‌വാദി പാർട്ടി, തൃണമൂൽ പാർട്ടികൾക്ക് അദ്ധ്യക്ഷ സ്ഥാനമില്ല.