manichan

 ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാൻ വിചാരണക്കോടതി വിധിച്ച പിഴത്തുകയായ 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.

ഇന്ന് കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ഇത് അംഗീകരിച്ചാൽ, 22 വർഷവും ഒൻപത് മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. കോടതി പിഴ ഒഴിവാക്കിയാൽ മോചനം സാധ്യമാവും.

പിഴത്തുക ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനും കാഴ്ച നഷ്ടമായവർക്കും നൽകാനാണ് ഹൈക്കോടതി വിധിയെന്നും സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കോൺസൽ ഹർഷദ് വി ഹമീദ് ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറയുന്നു.

വിവിധ കേസുകളിലെ 33 പ്രതികളെ വിട്ടയയ്ക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും മണിച്ചൻ പിഴത്തുക അടയ്ക്കണമെന്ന് ഉപാധിവച്ചതോടെയാണ് പുറത്തിറങ്ങാൻ കഴിയാതായത്. ഇതിനെതിരെ ഭാര്യ ഉഷ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കിയതിനു പിന്നാലെ, ഭാര്യ നൽകിയ ഹർജി പ്രകാരമായിരുന്നു സുപ്രീം കോടതി മോചനക്കാര്യം പരിഗണിക്കാൻ നിർദ്ദേശം നൽകിയത്.

ജീവപര്യന്തം തടവും പിഴയുമാണ് മണിച്ചനും കൂട്ടുപ്രതികൾക്കും വിധിച്ചിരുന്നത്. പിഴ അടച്ചില്ലെങ്കിൽ 22 വർഷവും ഒമ്പത് മാസവും കൂടി ജയിൽ ശിക്ഷ അനുഭവിക്കണമെന്ന് ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെയും കൊല്ലം അഡിഷണൽ സെഷൻസ് കോടതിയുടെയും വിധികളിൽ വ്യക്തമാക്കിയിരുന്നു.

മറ്റു രണ്ട് പ്രതികളായ വിനോദ് കുമാർ, മണികണ്ഠൻ എന്നിവരെ പിഴയടക്കാതെ മോചിപ്പിച്ചിരുന്നു. ഇരുവരും 8,30,000 രൂപ പിഴയടക്കേണ്ടതായിരുന്നു. പിഴ അടച്ചില്ലെങ്കിൽ ഇവർ എട്ട് വർഷവും നാല് മാസവും കൂടി ജയിൽ ശിക്ഷ അനുഭവിക്കണമെന്നും വിധി ഉണ്ടായിരുന്നു.

സാമ്പത്തിക നില മോശം

#സ്പിരിറ്റ് വ്യാപാരത്തിലൂടെ കോടികൾ നേടിയ മണിച്ചന്റെ കുടുംബത്തിന്റെ സാമ്പത്തികനില ഇപ്പോൾ പരിതാപകരമാണ്. ബെൻസ് കാറുകളടക്കം വാഹനങ്ങളെല്ലാം കണ്ടുകെട്ടി.

# 26കള്ളുഷാപ്പുകൾ ലേലം കൊണ്ടതിന് 1.6കോടി രൂപ കുടിശിക വന്നതോടെ ഭാര്യ ഉഷയുടെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടി

ഒരു തുണ്ട് ഭൂമി പോലും ഉഷയുടെ പേരിലില്ല.

മണിച്ചന്റെ പുളിമൂട്ടിലെ കെട്ടിടവും സർക്കാരിന്റെ കൈവശമാണ്.