jaya

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയുമായിരുന്ന ജയലളിത മരിച്ചത് ഉറ്റതോഴി ശശികലയുടെ അറിവോടെ, വിദഗ്ദ്ധ ചികിത്സ നിഷേധിച്ചതിനെ തുടർന്നാണെന്ന ഞെട്ടിക്കുന്ന വിവരവുമായി അന്വേഷണ കമ്മിഷൻ റിപ്പോർട്ട്.

ശശികല, കുടുംബ ഡോക്ടർ ശിവകുമാർ, അന്നത്തെ ആരോഗ്യ വകുപ്പ് സെക്രട്ടറി രാധാകൃഷ്ണൻ, ആരോഗ്യമന്ത്രി മന്ത്രി സി.വിജയ്‌ ഭാസ്ക്കർ എന്നിവർക്കെതിരെ അന്വേഷണത്തിനും ജസ്റ്റിസ് അറുമുഖ സ്വാമി കമ്മിഷൻ തമിഴ്നാട് സർക്കാരിന് സർമപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തു.

ചികിത്സയുമായി ബന്ധപ്പെട്ട് അന്നത്തെ ചീഫ് സെക്രട്ടറി ഡോ.രാമമോഹൻ റാവു ഒപ്പുവച്ചിരിക്കുന്ന പല രേഖകൾക്കു പിന്നിലും കുറ്റവാസന പ്രകടമാണ്. കൃത്യമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. മരിച്ച് ഒന്നര ദിവസത്തിനുശേഷമാണ് വിവരം പുറത്തുവിട്ടത്. 2016 ഡിസംബർ അഞ്ചിന് രാത്രി 11.30ന് മരിച്ചെന്നാണ് അറിയിച്ചത്. തലേദിവസം ഉച്ചകഴിഞ്ഞ് മൂന്നിനും 3.50നും ഇടയ്ക്ക് മരണം സംഭവിച്ചിരുന്നു. ചികിത്സാ വിവരങ്ങൾ മറച്ചുവച്ചതിൽ അപ്പോളോ ആശുപത്രി ചെയർമാൻ ഡോ.പ്രതാപ് സി റെഡ്ഢിക്കും പങ്കുണ്ടെന്ന് കമ്മിഷൻ കുറ്റപ്പെടുത്തി.

2016 സെപ്തംബർ 22ന് അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച ജയലളിത 75 ദിവസമാണ് ചികിത്സയിൽ കഴിഞ്ഞത്. ഒ. പനീർ ശെൽവം അടക്കമുള്ളവർക്ക് കാണാൻ അവസരം നിഷേധിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. ശശികലയായിരുന്നു കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. മനഃപൂർവ്വം ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും രംഗത്തുവന്നിരുന്നു. ശശികല പാർട്ടി ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചതോടെ ആരോപണം മുറുകുകയും മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ആഗസ്റ്റിൽ സമർപ്പിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് നിയമസഭയിൽ വച്ചത്.

2017ൽ രൂപീകരിച്ച ജസ്റ്റിസ് അറുമുഖ സ്വാമി കമ്മിഷൻ പനീർശെൽവം അടക്കം 154 സാക്ഷികളെ വിസ്തരിച്ചു. പലവട്ടം ആവശ്യപ്പെട്ടിട്ടും ശശികല കമ്മിഷന് മുന്നിൽ ഹാജരായില്ല.

ആൻജിയോപ്ലാസ്റ്റി

നടത്തിയില്ല

#ആൻജിയോപ്ലാസ്റ്റി നടത്തണമെന്ന് യു.എസിലെ ഡോ.സുമൻ ശർമ്മ നിർദ്ദേശിച്ചിട്ടും നടത്തിയില്ല

#വിദേശത്ത് ചികിത്സിക്കാമെന്ന് ഡോ. റിച്ചാർഡ് പീലെ ഉപദേശിച്ചിട്ടും തയ്യാറായില്ല

#ഡൽഹി എയിംസിലെ സംഘം ആശുപത്രിയിലെത്തി നിർദ്ദേശിച്ച ചികിത്സയും നൽകിയില്ല

#മെഡിക്കൽ ബുള്ളറ്റിനുകളിൽ വൈരുദ്ധ്യങ്ങൾ, ആരോഗ്യനില സംബന്ധിച്ച് വ്യാജ പ്രസ്താവനകൾ

ശശികലയുടെ പങ്ക്

എല്ലാ സ്ഥലത്തും ശശികലയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. 2012 ൽ ജയലളിത ശശികലയെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. വീണ്ടും സൗഹൃദത്തിലായെങ്കിലും പഴയ ബന്ധത്തിലേക്ക് മടങ്ങിയെത്തിയില്ല. വസതിയായ വേദനിലയത്തിൽ വച്ചു തന്നെ ജയ രോഗബാധിത ആയെങ്കിലും ഡോ. ശിവകുമാർ മൂന്നു ദിവസം പാരസെറ്റമോൾ ഗുളികമാത്രമാണ് നൽകിയത്. ശശികലയുടെ ബന്ധുവാണ് ശിവകുമാർ. അബോധാവസ്ഥയിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് നടന്ന സംഭവങ്ങളിലെല്ലാം ശശികല പിടിമുറുക്കുകയായിരുന്നു.

ഇനി സംഭവിക്കുന്നത്

1.കേസെടുത്ത് അന്വേഷണം നടത്താൻ മുഖ്യമന്ത്രി സ്റ്റാലിൻ ഉത്തരവിട്ടേക്കും

2. പുരട്ച്ചിത്തലൈവിയെ ദൈവമായിക്കണ്ട അണികൾ പാർട്ടിക്കെതിരെ തിരിഞ്ഞേക്കാം

3. രണ്ടു ചേരികളായി പോരടിക്കുന്ന എ.ഐ.എ.ഡി.എം.കെ കൂടുതൽ ദുർബലമാവും