
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കേദാർനാഥിന് സമീപം ഹെലികോപ്‌ടർ തകർന്ന് പൈലറ്റും ആറ് തീർത്ഥാടകരും കൊല്ലപ്പെട്ടു. പൈലറ്റ് അനിൽ സിംഗ്, തീർത്ഥാടകരായ പൂർവ രാമാനുജം, കൃതി ബ്രാഡ്, ഉർവി, സുജാത, പ്രേം കുമാർ, കാലാ എന്നിവരാണ് മരിച്ചത്. ഏഴ് മൃതദേഹങ്ങളും അപകട സ്ഥലത്തു നിന്ന് കണ്ടെത്തി.
ഇന്നലെ രാവിലെ 11.40ന് രുദ്രപ്രയാഗിലെ ഗരുഡ് ചാട്ടിക്ക് സമീപമുള്ള കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് കോപ്ടർ മലമുകളിൽ തകർന്നത്. ഡൽഹിയി ആര്യൻ ഏവിയേഷന്റെ ബെൽ 407 വിടി-ആർ.പി.എൻ മോഡൽ ഹെലികോപ്‌ടർ കേദാർനാഥിൽ നിന്ന് ഫാട്ടയിലേക്ക് പറക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. തീപിടിച്ച ഹെലികോപ്‌ടറിന്റെ അവശിഷ്‌ടങ്ങൾ മലമുകളിൽ ചിതറി.
ദേശീയ ദുരന്ത നിവാരണ സേനയും (എൻ.ഡി.ആർ.എഫ് സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്.ഡി.ആർ.എഫ്), പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹെലികോപ്ടർ അവശിഷ്‌ടങ്ങളിൽ നിന്നുള്ള തീ പ്രദേശത്തെ വനപ്രദേശത്തേക്കും പടർന്നു. അപകടത്തിന് തൊട്ടു മുമ്പ് വലിയ ശബ്ദവും കേട്ടിരുന്നു.
• വില്ലനായത് മോശം കാലാവസ്ഥ
പ്രാഥമികാന്വേഷണത്തിൽ മോശം കാലാവസ്ഥയും കാഴ്ചക്കുറവുമാണ് അപകടമുണ്ടാകാൻ കാരണമെന്ന് വ്യക്തമായി. കനത്ത മൂടൽമഞ്ഞിൽ ഹെലികോപ്‌ടർ മലയിൽ ഇടിച്ചോയെന്ന് അന്വേഷിക്കുന്നുണ്ട്. കൃത്യമായ അന്വേഷണത്തിന് ശേഷമേ യഥാർത്ഥ കാരണം വ്യക്തമാകൂവെന്ന് ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് അതോറിട്ടി സി.ഇ.ഒ സി. രവിശങ്കർ പറഞ്ഞു.
കേന്ദ്ര സിവിൽ വ്യോമയാന ഡയറക്‌ടറേറ്റും (ഡി.ജി.സി.എയും) ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സംഭവത്തിൽ വേദന രേഖപ്പെടുത്തി. സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. തമിഴ്നാട്ടിലെ കുനൂരിൽ കഴിഞ്ഞ ഡിസംബറിലുണ്ടായ സമാനമായ ഹെലികോപ്ടർ ദുരന്തത്തിലാണ് ആദ്യ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻറാവത്തും ഭാര്യയുമടക്കം 14 പേർ കൊല്ലപ്പെട്ടത്.