modi

ന്യൂഡൽഹി: ക്രിമിനലുകൾക്കുള്ള സുരക്ഷിത താവളമില്ലാതാക്കാൻ ആഗോളസമൂഹം ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌തു. ഡൽഹിയിൽ ഇന്റർപോൾ 90-ാം ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതിക്കാർക്കും ഭീകരവാദികൾക്കും മയക്കുമരുന്നു - നായാട്ടുസംഘങ്ങൾക്കും സംഘടിത കുറ്റകൃത്യങ്ങൾക്കും സുരക്ഷിത താവളമുണ്ടാകരുത്. ഏതു രാജ്യത്തെ ജനത്തിനെതിരെ ആയാലും അത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളായി കാണണം.

ആഗോളതലത്തിൽ പൊലീസും നിയമനിർവഹണ ഏജൻസികളും സഹകരണം വർദ്ധിപ്പിക്കണം. ഒളിവിലുള്ള കുറ്റവാളികൾക്കായുള്ള റെഡ് കോർണർ നോട്ടീസ് വേഗത്തിലാക്കാൻ ഇന്റർപോളിന് കഴിയും. നന്മയുടെ ശക്തികൾ ഒന്നിച്ചാൽ കുറ്റക്കാർ നിഷ്പ്രഭമാകും.

അതിവേഗം ആഗോളതലത്തിൽ വ്യാപിക്കുന്ന ഭീകരത, അഴിമതി, മയക്കുമരുന്നു കടത്ത്, വേട്ടയാടൽ, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയവയെ പ്രാദേശിക തലത്തിൽ നേരിടാൻ കഴിയില്ല. ഇതിനായി ലോകം ഒന്നിക്കണം. പതിറ്റാണ്ടുകൾക്ക് മുന്നേ അന്തർദേശീയ ഭീകരവാദത്തിന്റെ ഇരയായ ഇന്ത്യയിൽ ആയിരിക്കണക്കിന് പേരാണ് ജീവത്യാഗം ചെയ്‌തത്. ഒറ്റ ക്ലിക്കി‌ൽ ആക്രമണം നടത്താനും സംവിധാനങ്ങളെ തകർക്കാനും കഴിയും വിധം ഭീകരത ഓൺലൈൻ, സൈബർ ഭീഷണികളിലൂടെ അതിവേഗം വ്യാപിക്കുകയാണ്. ഇവയ്‌ക്കെതിരെ ഒരോ രാജ്യങ്ങളും പ്രത്യേക തന്ത്രം മെനഞ്ഞതുകൊണ്ട് കാര്യമില്ല.

അഴിമതിയും സാമ്പത്തിക കുറ്റകൃത്യങ്ങളും എല്ലാ പൗരന്മാരുടെ ക്ഷേമത്തിനു ഹാനികരമാണ്. ലോകത്തിലെ ദരിദ്രരായ ജനങ്ങളിൽ നിന്ന് തട്ടിയെടുക്കുന്ന പണമാണ് അഴിമതിക്കാർ ഹാനികരമായ പല കാര്യങ്ങൾക്കും ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്റർപോൾ ജനറൽ അസംബ്ലി സ്മരണിക തപാൽ സ്റ്റാമ്പും 100 രൂപ നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഇന്റർപോൾ പ്രസിഡന്റ് അഹമ്മദ് നാസർ അൽ റയീസ്, ഇന്റർപോൾ സെക്രട്ടറി ജനറൽ യൂർഗൻ സ്റ്റോക്ക്, സി.ബി.ഐ ഡയറക്ടർ സുബോധ് കുമാർ ജയ്‌സ്വാൾ എന്നിവർ പങ്കെടുത്തു. 21വരെ നീളുന്ന ഇന്റർപോൾ പൊതുസമ്മേളനത്തിൽ 195 അംഗരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, പൊലീസ് മേധാവികൾ, ദേശീയ സെൻട്രൽ ബ്യൂറോ മേധാവികൾ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.