
ന്യൂഡൽഹി: രാഷ്‌ട്രീയ വെല്ലുവിളി നേരിടാൻ സ്വയം മാറുന്ന കോൺഗ്രസിൽ ജനാധിപത്യ രീതിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പുതിയ അദ്ധ്യക്ഷനെ ഇന്ന് ഉച്ചയോടെ അറിയാം. കർണാടകയിൽ നിന്നുള്ള ഉന്നത നേതാവും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ മല്ലികാർജ്ജുൻ ഖാർഗെ (80) പുതിയ അദ്ധ്യക്ഷനാകാമെന്നാണ് സൂചന. ജഗജ്ജീവൻ റാമിന് ശേഷം കോൺഗ്രസ് പ്രസിഡന്റാവുന്ന ദളിത് നേതാവായിരിക്കും ഖാർഗെ. എന്നാൽ ശക്തമായ മത്സരം കാഴ്ചവയ്‌ക്കാൻ എതിർസ്ഥാനാർത്ഥിയായ ഡോ. ശശി തരൂരിന് കഴിഞ്ഞെന്നാണ് വിലയിരുത്തൽ. രാവിലെ 10 മുതൽ ഡൽഹി എ.ഐ.സി.സി ആസ്ഥാനത്താണ് വോട്ടെണ്ണൽ.
17ന് നടന്ന വോട്ടെടുപ്പിൽ 9500 പ്രതിനിധികളാണ് വോട്ടിട്ടത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ബാലറ്റ് പെട്ടികൾ വിമാനത്തിൽ ഇന്നലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി ചെയർമാൻ മധുസൂതൻ മിസ്‌ത്രിയുടെ മേൽനോട്ടത്തിൽ ഇവ കൂട്ടിക്കലർത്തി ഒരേ സമയം ഏഴ് കൗണ്ടറുകളിലായാണ് വോട്ടെണ്ണൽ. രാജ്മോഹൻ ഉണ്ണിത്താൻ (തെലങ്കാന), ഷാനിമോൾ ഉസ്‌മാൻ (ആൻഡമാൻ) തുടങ്ങിയ പി.ആർ.ഒമാരും സ്ഥാനാർത്ഥികളുടെ ഏജന്റുമാരും പങ്കെടുക്കും. കാർത്തി ചിദംബരം എം.പിയാണ് തരൂരിന്റെ മുഖ്യ ഏജന്റ്. ഗൗരവ് വല്ലഭ്, സയ്യിദ് നസീർ ഹുസൈൻ, ദീപേന്ദ്ര ഹൂഡ എന്നിവരാണ് ഖാർഗെയുടെ പ്രധാന ഏജന്റുമാർ.
ഔദ്യോഗിക ഫലപ്രഖ്യാപനം മിസ്‌ത്രി പത്രസമ്മേളനത്തിൽ നടത്തും. സെപ്‌തംബർ അവസാന വാരം മുതൽ തുടങ്ങിയ പ്രചാരണത്തിൽ കേരളമടക്കമുള്ള പി.സി.സികളുടെ പരസ്യ പിന്തുണ ഖാർഗെയ്‌ക്കായിരുന്നു. മദ്ധ്യപ്രദേശ് ഒഴികെയുള്ള ഇടങ്ങളിൽ മുതിർന്ന നേതാക്കൾ സ്വീകരിക്കാനെത്താത്തത് തരൂരിനെ പ്രകോപിപ്പിച്ചിരുന്നു. കൃത്യമായ മേൽവിലാസമോ, ഫോൺ നമ്പരോ ഇല്ലാത്ത അപൂർണ വോട്ടർപട്ടികയും വിവാദമായി. വോട്ടെടുപ്പിന്റെ തലേന്നു വരെ 9308 വോട്ടർമാരുണ്ടെന്നാണ് തിരഞ്ഞെടുപ്പ് അതോറിട്ടി പറഞ്ഞിരുന്നത്. ഒക്‌ടോബർ 17ന് അത് 9915 ആയി.
• ഗെലോട്ട് പോയി, ഖാർഗെ വന്നു
തുടർ തോൽവികൾ നേരിടുന്ന കോൺഗ്രസിനെ സംഘടനാപരമായി ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉള്ളിൽ നിന്നു തന്നെ ഉയർന്നതോടെയാണ് സോണിയാ ഗാന്ധിയുടെ പിൻഗാമിയെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താൻ തീരുമാനിച്ചത്. പദവിയിൽ തുടരില്ലെന്ന് സോണിയയും നേതൃത്വത്തിലേക്കില്ലെന്ന് രാഹുലും ആവർത്തിച്ചതോടെ ഗാന്ധി കുടുബാംഗമല്ലാത്തയാൾ വരുമെന്നുറപ്പായി. രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിൽ തുടരാൻ ആഗ്രഹിച്ച ഹൈക്കമാൻഡിന്റെ വിശ്വസ്‌തനായ അശോക് ഗെലോട്ടിന് പകരം അവസാന നിമിഷമാണ് മല്ലികാർജ്ജുന ഖാർഗെയ്‌ക്ക് നറുക്കു വീണത്. പാർട്ടിയിൽ മാറ്റം ആവശ്യപ്പെട്ട ജി 23 വിഭാഗം നേതാക്കളും പിന്തുണച്ചു. എന്നാൽ പാർട്ടിയിൽ മാറ്റത്തിനായി വോട്ടെന്ന മുദ്രാവാക്യം ഉയർത്തിയുള്ള തരൂരിന്റെ പ്രചാരണം ഖാർഗെയ്‌ക്ക് വലിയ വെല്ലുവിളിയുമായി.
എന്നാൽ തരൂർ 300ൽ കൂടുതൽ വോട്ട് നേടില്ലെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ രഹസ്യബാലറ്റായതിനാൽ മാറ്റം ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം തന്നെ പിന്തുണയ്‌ക്കുമെന്നാണ് തരൂരിന്റെ പ്രതീക്ഷ. കൂടുതൽ വോട്ടു നേടിയാൽ പാർട്ടിയിൽ തരൂരിന്റെ സ്വാധീനം വർദ്ധിക്കും.