
ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനം നടത്തുന്ന കൊളീജിയം സംവിധാനം സുതാര്യമല്ലെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ആർ.എസ്.എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യ സംഘടിപ്പിച്ച സബർമതി സംവാദ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി കിരൺ റിജിജു.
ജുഡിഷ്യറിയിലെ ആഭ്യന്തര രാഷ്ട്രീയം നിയമനങ്ങളിൽ പ്രതിഫലിക്കുന്നതായും കേന്ദ്ര മന്ത്രി വിമർശിച്ചു. കേസുകളിൽ തീരുമാനമെടുക്കുന്നതിനേക്കാൾ സമയം ചെലവഴിക്കുന്നത് ജഡ്ജി നിയമനത്തിനാണ്. കൊളീജിയം സംവിധാനത്തിൽ രാജ്യത്തെ ജനങ്ങൾ തൃപ്തരല്ല. ഭരണഘടനയുടെ അന്തസത്തയനുസരിച്ച് ജഡ്ജിമാരെ നിയമിക്കുന്ന ജോലി കേന്ദ്ര സർക്കാരിന്റേതാണ്. ലോകത്ത് ഒരിടത്തും ഒരു ജഡ്ജി മറ്റൊരു ജഡ്ജിയെ നിയമിക്കില്ല. നിയമനത്തിലെ രാഷ്ട്രീയം ആളുകൾ കാണുന്നില്ല.
ഭരണ ഭരണഘടനയുടെ മറ്റ് തൂണുകൾക്ക് വഴി തെറ്റുമ്പോൾ നേർമാർഗ്ഗത്തിൽ നയിക്കാൻ ജുഡിഷ്യറിയുണ്ട്. എന്നാൽ ജുഡിഷ്യറിക്ക് വഴി തെറ്റിയാൽ പരിഹരിക്കാൻ മാർഗമില്ല. അത്തരം ഘട്ടങ്ങളിൽ ജുഡിഷ്യൽ ആക്ടിവിസം പോലുള്ള വിഷയങ്ങൾക്ക് നേരെ ചോദ്യങ്ങൾ ഉയരുകയാണ്. ഉത്തരവിന്റെ ഭാഗമല്ലാത്ത കാര്യങ്ങളിൽ പല ജഡ്ജിമാരും നിരീക്ഷണങ്ങൾ നടത്തുകയാണ്. അവരവരുടെ ചിന്തകളെയാണ് ജഡ്ജിമാർ തുറന്ന് കാട്ടുന്നത്. ഇക്കാര്യത്തിൽ പൊതു സമൂഹത്തിൽ എതിർപ്പുണ്ട്.
ജഡ്ജിമാർ നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങൾ നിയന്ത്രിക്കുന്നതിന് ജുഡിഷ്യറി ആഭ്യന്തര സംവിധാനം ഏർപ്പെടുത്തണം. എട്ട് വർഷമായി അധികാരത്തിലുള്ള നരേന്ദ്ര മോദി സർക്കാർ ജുഡിഷ്യറിക്ക് ദോഷം വരുത്തുന്ന ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.