modi

ന്യൂഡൽഹി: പൗരന്മാരുടെ പ്രയോജനമില്ലാത്ത നിയമങ്ങൾ നിറുത്തലാക്കണമെന്നും പ്രാദേശിക ഭാഷകളിൽ പുതിയവയ്ക്ക് രൂപം നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നിയമമന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും അഖിലേന്ത്യാ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മോദി. നീതിന്യായ വ്യവസ്ഥകളെയും നിയമങ്ങളെയും നവീകരിക്കുന്നതിനായി ശ്രദ്ധ കേന്ദ്രീകരിക്കണം. നിയമങ്ങൾ ലളിതമായ ഭാഷയിൽ തയ്യാറാക്കുകയും പ്രാദേശിക ഭാഷകളിലും ലഭ്യമാണെന്ന് ഉറപ്പാക്കുകയും വേണം. ഇതിനായി ജുഡിഷ്യറിക്കൊപ്പം കേന്ദ്ര-സംസ്ഥാന ഭരണതലങ്ങളിൽ നിന്നുള്ള ശ്രമങ്ങളുണ്ടാവണം. ബദൽ മാർഗ്ഗങ്ങളിലൂടെ നീതി നിർവഹണ സംവിധാനം ത്വരിതപ്പെടുത്തുന്നതിന് ജുഡീഷ്യറിക്ക് കൂട്ടായ പിന്തുണ നൽകണം. വിചാരണത്തടവുകാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സർക്കാരുകൾക്കും ജുഡീഷ്യറിക്കും മനുഷ്യത്വപരമായ സമീപനം ഉണ്ടായിരിക്കണം.

അപ്രസക്തമായ 1500 ലധികം നിയമങ്ങളും 35,000 ലധികം നടപടി ക്രമങ്ങളും റദ്ദാക്കിയ കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചില രാജ്യങ്ങൾ നിയമത്തിന് രൂപം നൽകുമ്പോൾ തന്നെ അതിന്റെ കാലഹരണം സംബന്ധിച്ച തിയ്യതിയും നിശ്ചയിച്ചിട്ടുണ്ട്. ആ തീയ്യതിക്ക് ശേഷം ഈ നിയമം പ്രാബല്യത്തിലുണ്ടാകില്ല. നിലവിലുള്ള സാഹചര്യത്തിനനുസരിച്ചാണ് നിയമം നടപ്പിലാക്കേണ്ടത്. ഇന്ത്യയിലും അതിനായുള്ള പരിശ്രമമുണ്ടാകും. പ്രധാനമന്ത്രി പറഞ്ഞു.