umar

ന്യൂഡൽഹി: കലാപക്കേസിൽ യു.എ.പി.എ ചുമത്തി പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന ജെ.എൻ.യുവിലെ മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയിൽ മെറിറ്റില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുൽ, ജസ്റ്റിസ് രജനീഷ് ഭട്നാഗർ എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്.

വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന അക്രമ സംഭവങ്ങളിൽ പങ്കെടുക്കുകയോ കുറ്റകരമായ പ്രവൃത്തികളിൽ ഏർപ്പെടുകയോ പ്രതിചേർക്കപ്പെട്ടവരുമായി ഗൂഡാലോചന നടത്തുകയോ ചെയ്തിട്ടില്ലെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. തനിക്കെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കി. എന്നാൽ ഉമർ ഖാലിദിന്റെ പ്രസംഗം കരുതിക്കൂട്ടിയുള്ളതായിരുന്നുവെന്ന് ഹർജിയെ എതിർത്ത ഡൽഹി പൊലീസ് വ്യക്തമാക്കി. ബാബരി മസ്ജിദ്, മുത്തലാഖ്, കാശ്മീർ പ്രശ്നം, പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രേഖ തുടങ്ങിയ വിഷയങ്ങളെല്ലാം പരാമർശിച്ചിരുന്നു. മുസ്ലിങ്ങളിൽ അരക്ഷിതത്വം സൃഷ്ടിക്കാൻ ശ്രമമുണ്ടായെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി.