
ന്യൂഡൽഹി: സി.ബി.ഐ രജിസ്റ്റർ ചെയ്ത ഐ.ആർ.സി.ടി.സി അഴിമതി കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വിയാദവിന്റെ ജാമ്യം റദ്ദാക്കാൻ ഡൽഹി പ്രത്യേക കോടതി വിസമ്മതിച്ചു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് തേജസ്വിയെ താക്കീത് ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തിയ തേജസ്വിയുടെ ജാമ്യം റദ്ദാക്കണമെന്ന് ഹർജിയിൽ സി.ബി.ഐ വ്യക്തമാക്കിയതിനെ തുടർന്നായിരുന്നു കോടതിയുടെ ശാസന. പരസ്യമായി പ്രതികരിക്കുമ്പോൾ ശരിയായ വാക്കുകൾ തിരഞ്ഞെടുക്കണമെന്ന് പ്രത്യേക കോടതി ജഡ്ജി ഗീതാഞ്ജലി ഗോയൽ വ്യക്തമാക്കി.
തേജസ്വി യാദവിന്റെ ഭീഷണിക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാൾക്ക് നേരെ യു.പിയിൽ വധശ്രമമുണ്ടെയെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. സംഭവത്തിൽ കേസുമായി ബന്ധപ്പെടുത്താനുള്ള തെളിവുകളൊന്നുമില്ല. എന്നാൽ തേജസ്വിയുടെ ഭീഷണിക്ക് ശേഷം ഭയത്തിന്റെ അന്തരീക്ഷം നിലനിൽക്കുകയാണെന്നും സി.ബി.ഐ വ്യക്തമാക്കി.
പട്നയിലെ വാർത്താ സമ്മേളനത്തിലായിരുന്നു തേജസ്വി യാദവിന്റെ വിവാദ പരാമർശം. സി.ബി.ഐ ഉദ്യോഗസ്ഥർക്കും അമ്മയും സഹോദരിമാരും കുട്ടികളും ഇല്ലേയെന്നും അവർ എപ്പോഴും ഓഫീസർമാരായിരിക്കുമോയെന്നും വിരമിക്കില്ലേയെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം ചോദിച്ചിരുന്നു.