
ന്യൂഡൽഹി:പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞ കോൺഗ്രസിനെ ജീർണതയുടെ പടുകുഴിയിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിക്കുകയെന്ന ചരിത്ര നിയോഗവുമായാണ് മല്ലികാർജ്ജുൻ ഖാർഗെ പാർട്ടി അദ്ധ്യക്ഷനാവുന്നത്. കരുത്തനായ നരേന്ദ്രമോദിയുടെ വെല്ലുവിളി അതിജീവിച്ച് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉയിർപ്പ് നൽകുകയാണ് അദ്ദേഹത്തിന്റെ ആദ്യ വെല്ലുവിളി. ആറ് പതിറ്റാണ്ടിലേറെ നീണ്ട രാഷ്‌ട്രീയ അനുഭവവും ആദർശ വിശുദ്ധിയും ഗാന്ധി കുടുംബത്തോടുള്ള കൂറും കഠിനാദ്ധ്വാനവും ദളിത് നേതാവിന്റെ പരിവേഷവുമാണ് അദ്ദേഹത്തിന്റെ കൈമുതൽ.
കണ്ടാൽ പരുക്കനെങ്കിലും സൗമ്യനും മൃദുഭാഷിയുമാണ് ഖാർഗെ. ഗാന്ധി കുടുംബത്തോടുള്ള കൂറിൽ മുന്നിലായിരുന്ന അശോക് ഗെലോട്ട് വഴിമാറിയപ്പോൾ അപ്രതീക്ഷിതമായാണ് ഖാർഗെ സ്ഥാനാർത്ഥിയായത്. എങ്കിലും 137 വർഷം പഴക്കമുള്ള പാർട്ടിയെ നയിക്കാൻ യോഗ്യനാണെന്ന് കടന്നു വന്ന വഴികൾ സാക്ഷി. ദളിത് വിഭാഗത്തിൽ നിന്നുയർന്ന, 1969ലെ ഗുൽബർഗ ജില്ലാ പ്രസിഡന്റ് 53 വർഷങ്ങൾക്കിപ്പുറം ദേശീയ അദ്ധ്യക്ഷനാകുന്നതിൽ കോൺഗ്രസിനും അഭിമാനിക്കാം.
ദാരിദ്ര്യവും ദളിതന്റെ പിന്നാക്കാവസ്ഥയും വർഗീയ കലാപത്തിൽ മാതാവിനെ അടക്കം നഷ്‌ടമായതിന്റെ വേദനയും നിറഞ്ഞ ദുരിത ബാല്യം. പഠനച്ചെലവിന് സിനിമാ തിയേറ്ററിലെ ജോലിക്കാരനായി. ആ കടുത്ത അനുഭവങ്ങളാണ് കരുത്തനായ നേതാവിനെ കരുപ്പിടിപ്പിച്ചത്. ബിരുദ, നിയമബിരുദ വിദ്യാർത്ഥിയായിരിക്കെ കലാലയ രാഷ്‌ട്രീയം ദിശ തെളിയിച്ചു. അഭിഭാഷകനായി തുടക്കം.
1960കളിൽ ഗുൽബർഗ എം.എസ്.കെ മിൽസിൽ തൊഴിലാളി പ്രക്ഷോഭം നയിച്ച ട്രേഡ് യൂണിയൻ നേതാവ്. അഭിഭാഷകനായും തൊഴിലാളി സംഘടനകളെ സഹായിച്ചു. ഇന്ദിരാഗാന്ധിയെ എതിർത്ത് പാർട്ടിവിട്ട ആളാണ് ഖാർഗെ. കർണാടകത്തിൽ രാഷ്‌ട്രീയ ഗുരുവായിരുന്ന ദേവരാജ് അർസിന്റെ തീരുമാനം അംഗീകരിച്ച് കോൺഗ്രസ് വിട്ടെങ്കിലും പിന്നീട് തിരിച്ചെത്തി.
കർണാടക പി.സി.സി അദ്ധ്യക്ഷൻ, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിലിരുന്നെങ്കിലും ദേവരാജ് അർസ്, ഗുണ്ടുറാവു, വീരപ്പമൊയ്‌ലി, എസ്.എം. കൃഷ്‌ണ, സിദ്ധരാമയ്യ തുടങ്ങിയ നേതാക്കൾക്ക് പിന്നിൽ ഒതുങ്ങിപ്പോയി. 1999, 2004, 2013 വർഷങ്ങളിൽ മുഖ്യമന്ത്രിപദം ചുണ്ടിനും കപ്പിനുമിടയിൽ നഷ്‌ടമായി. അപ്പോഴും വിമതനാവാതെ പ്രതീക്ഷയോടെ പ്രവർത്തിച്ചു. ദേശീയ തലത്തിലേക്കുയർത്തിയ ഹൈക്കമാൻഡിന്റെ വിശ്വാസം കാത്തുസൂക്ഷിച്ചു. രണ്ട് യു.പി.എ സർക്കാരിലും മന്ത്രിയായെങ്കിലും കോൺഗ്രസിന്റെ നിർണായക സ്ഥാനങ്ങളിലെത്താൻ പിന്നെയും സമയമെടുത്തു.
2014ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തകർന്ന കോൺഗ്രസ് 44 പേരായി ചുരുങ്ങിയ പ്രതിസന്ധിയിൽ ഖാർഗെയുടെ അനുഭവസമ്പത്ത് പാർട്ടിക്ക് ആവശ്യമായി. 300ൽ അധികം ഭരണപക്ഷ എം.പിമാർക്കെതിരെ, ലോക്‌സഭയിൽ കോൺഗ്രസിന്റെ അവകാശങ്ങളും സുപ്രധാന വിഷയങ്ങളും അദ്ദേഹം ഉയർത്തി. 2019ലെ അപ്രതീക്ഷിത തോൽവിയെ തുടർന്ന് ലോക്‌സഭയിൽ ഖാർഗെയുടെ അസാന്നിദ്ധ്യം പാർട്ടിക്ക് ക്ഷീണമായിരുന്നു. പകരം വന്ന ആധിർ രഞ്ജൻ ചൗധരിക്ക് ഖാർഗെയുടെ ചാതുര്യം നിലനിറുത്താനായിട്ടില്ല. പാർലമെന്റിൽ ഖാർഗെയിലൂടെ പാർട്ടിയുടെ ശബ്ദമുയരാൻ 2020ൽ രാജ്യസഭാംഗമാക്കി.
തുടർച്ചയായ തോൽവികളും ജി 23 വിഭാഗവും ഗാന്ധി കുടുംബത്തെ വലച്ചപ്പോൾ താങ്ങായത് ഖാർഗെയാണ്. അദ്ദേഹം അദ്ധ്യക്ഷനാവുമ്പോൾ കടിഞ്ഞാൺ വീണ്ടും ഗാന്ധി കുടുംബത്തിലാകുമെന്നാണ് വിമർശനം. അതിനുത്തരം പ്രവൃത്തികളിലൂടെ നൽകണം.
ഇംഗ്ളീഷിലും ഹിന്ദിയിലുമുള്ള പ്രാവീണ്യവും പതുക്കെ കത്തിക്കയറുന്ന മിടുക്കും ഖാർഗെയുടെ പ്രസംഗങ്ങളെ വ്യത്യസ്‌തമാക്കുന്നു. ദളിത് നേതാവായല്ല, എല്ലാ വിഭാഗത്തിന്റെയും നേതാവായി അറിയപ്പെടാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ദക്ഷിണേന്ത്യയിൽ നിന്ന് അദ്ധ്യക്ഷൻമാരായ ബി. പട്ടാഭി സീതാരാമയ്യ, എൻ. സഞ്ജീവ റെഡ്ഡി, കെ. കാമരാജ്, എസ്. നിജലിംഗപ്പ, പി.വി. നരസിംഹ റാവു എന്നിവരുടെ പിൻഗാമിയാണ് ഖാർഗെ.