
ന്യൂഡൽഹി:കോൺഗ്രസിന്റെ അമരത്ത് ഗാന്ധി കുടുംബ വാഴ്ചയെന്ന കീഴ്വഴക്കം തിരുത്തിയ തിരഞ്ഞെടുപ്പിൽ, ശശി തരൂരിനെതിരെ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച കർണാടകത്തിലെ ദളിത് നേതാവ് മല്ലികാർജുൻ ഖാർഗെ ഒക്ടോബർ 26ന് പാർട്ടി അദ്ധ്യക്ഷനായി ചുമതലയേൽക്കും. 22 വർഷമായി പാർട്ടിയെ നയിക്കുന്ന സോണിയാ ഗാന്ധി വിശ്വസ്തനെ അധികാരമേൽപ്പിച്ച ആശ്വാസത്തിൽ അന്ന് പടിയിറങ്ങും. അതേസമയം, 1072 വോട്ട് നേടിയുള്ള തരൂരിന്റെ പ്രകടനം ഔദ്യോഗിക പക്ഷത്തെ അമ്പരപ്പിച്ചു. പാർട്ടിയിൽ നിസാരനല്ലെന്ന് ഇതിലൂടെ തെളിയിച്ച തരൂർ, വെറും ട്രെയിനി എന്നൊക്കെയുള്ള പരിഹാസത്തിനാണ് മറുപടി നൽകിയത്.
9385 വോട്ടർമാരിൽ 7897 പേർ ഖാർഗെയ്ക്ക് വോട്ടു ചെയ്തു. തരൂർ 500ൽ താഴെ വോട്ടിൽ ഒതുങ്ങുമെന്ന് ഔദ്യോഗിക വിഭാഗം കരുതിയത്. 416 വോട്ടുകൾ അസാധുവായി.
വോട്ടെടുപ്പിൽ തിരിമറി നടന്നെന്ന ശശി തരൂരിന്റെ പരാതി തള്ളിയാണ് തിരഞ്ഞെടുപ്പ് അതോറിട്ടി ചെയർമാൻ മധുസൂദൻ മിസ്ത്രി ഇന്നലെ ഉച്ചതിരിഞ്ഞ് 2.15ന് പത്രസമ്മേളനത്തിൽ ഖാർഗെയുടെ വിജയം പ്രഖ്യാപിച്ചത്.
കോൺഗ്രസിന്റെ 36ാമത്തെ പ്രസിഡന്റാണ് 80കാരനായ ഖാർഗെ. ഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷമാണ് ഗാന്ധി കുടുംബാംഗമല്ലാത്ത ഒരാൾ പാർട്ടി അദ്ധ്യക്ഷനാവുന്നത്. പുതിയ ചുമതല ഏൽക്കുന്നതിന്റെ മുന്നോടിയായി ഖാർഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു.
യു.പി, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിൽ വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന ശശി തരൂരിന്റെ ഏജന്റ് സൽമാൻ സോസിന്റെ പരാതിയെ തുടർന്ന് ഇന്നലെ രാവിലെ 10 മണിക്ക് തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണൽ വൈകിയാണ് ആരംഭിച്ചത്. യു.പിയിലെ 1238 വോട്ടുകൾ പ്രത്യേകം എണ്ണുമെന്ന് ആദ്യം പറഞ്ഞെങ്കിലും തരൂരിന്റെ പരാതി തള്ളി 68 ബാലറ്റ് പെട്ടികളും കൂട്ടിക്കലർത്തി. ഉച്ചയ്ക്ക് 12മണിയോടെ 3000 വോട്ട് ലീഡ് നേടിയ ഖാർഗെ ജയമുറപ്പിച്ചു.
എസ്. നിജലിംഗപ്പയ്ക്ക് ശേഷം കർണാടകയിൽ നിന്നുള്ള രണ്ടാമത്തെ അദ്ധ്യക്ഷനും ജഗ്ജീവൻ റാമിനുശേഷം അദ്ധ്യക്ഷനാവുന്ന രണ്ടാമത്തെ ദളിത് നേതാവുമാണ്.
കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് തരൂർ കൂടുതൽ വോട്ടു നേടിയെന്നാണ് സൂചന. യു.പി, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിൽ വ്യാജവോട്ട് ചെയ്തെന്നും ബാലറ്റ് സീൽ ചെയ്തതിൽ ക്രമക്കേടുണ്ടെന്നുമുള്ള തരൂരിന്റെ പരാതി തള്ളിയെന്ന് മിസ്ത്രി പറഞ്ഞു. പരാതിയുടെ പകർപ്പ് മാദ്ധ്യമങ്ങൾക്ക് നൽകിയത് ശരിയായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തരൂർ ഖാർഗെയെ വസതിയിലെത്തി അഭിനന്ദിച്ചു. സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ നേതാക്കളും ഖാർഗെയുടെ വസതിയിലെത്തി.
ഖാർഗെയുടെ കടമ്പകൾ
നവംബർ 12ന് ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ്
ഡിസംബറിൽ ഗുജറാത്ത് തിരഞ്ഞെടുപ്പ്
പിന്നാലെ സ്വന്തം സംസ്ഥാനമായ കർണാടകത്തിലും തിരഞ്ഞെടുപ്പ്
2024ൽ ലോക്സഭാ തിരഞ്ഞെടുപ്പ്
`ഭരണഘടനയും ജനാധിപത്യവും നേരിടുന്ന ഭീഷണികൾ ചെറുക്കാനുള്ള പോരാട്ടത്തിന് സംഘടനയെ ശക്തിപ്പെടുത്തും. ഏകാധിപത്യത്തെ പരാജയപ്പെടുത്താൻ പോരാടും. ദരിദ്രകുടുംബത്തിൽ ജനിച്ചതിനാൽ കോൺഗ്രസ് അർപ്പിച്ച വിശ്വാസം കാക്കാൻ കഴിയും.'
-മല്ലികാർജുൻ ഖാർഗെ
`ഖാർഗെയുടെ വിജയം കോൺഗ്രസിന്റെ വിജയം. അദ്ദേഹം മാറ്റത്തിന്റെ പ്രതീകം. തിരഞ്ഞെടുപ്പ് വ്യക്തികൾ തമ്മിലായിരുന്നില്ല. കോൺഗ്രസ് ശക്തിപ്പെടേണ്ടത് രാജ്യത്തിന് ആവശ്യം. ആഗ്രഹിച്ചത് പാർട്ടിയെ ശക്തിപ്പെടുത്താൻ. 1000ത്തിലേറെ വോട്ടുകൾ ലഭിച്ചതിൽ സന്തോഷം.'
-ശശി തരൂർ
അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെ ജിക്ക് അഭിനന്ദനങ്ങൾ. കോൺഗ്രസ് അധ്യക്ഷൻ ഇന്ത്യയുടെ ജനാധിപത്യ കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നു. ഈ ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഖാർഗെയുടെ വിപുലമായ അനുഭവവും പ്രത്യയശാസ്ത്ര പ്രതിബദ്ധതയും പാർട്ടിക്ക് ഗുണമാകും. പാർട്ടിയിലെ എന്റെ റോൾ അദ്ദേഹം തീരുമാനിക്കും.
രാഹുൽ ഗാന്ധി
കേരളത്തിൽ തരൂരിന് 120 വോട്ട് ?
തിരുവനന്തപുരം: പരാജയപ്പെട്ടെങ്കിലും പ്രതീക്ഷിച്ചതിലേറെ വോട്ടുകൾ നേടിയതോടെ വിജയപരിവേഷത്തിലാണ് ശശി തരൂർ. ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെന്ന പരിവേഷം കിട്ടിയ ഖാർഗെയ്ക്കെതിരെ മത്സരിച്ചിട്ടും 1072 വോട്ടുകൾ നേടാനായത് വിജയത്തോളം പോന്നതാണെന്നാണ് അവർ വാദിക്കുന്നു. തമിഴ്നാട്, മദ്ധ്യപ്രദേശ്, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നല്ല രീതിയിൽ വോട്ടുകൾ കിട്ടിയെന്നാണ് അനുമാനം.
കേരളത്തിലെ മുതിർന്ന നേതാക്കളെല്ലാം എതിർചേരിയിൽ അണിനിരന്നെങ്കിലും ഇവിടെ നിന്ന് 120 വോട്ടെങ്കിലും കിട്ടിയിട്ടുണ്ടെന്നാണ് തരൂർ പക്ഷം വിലയിരുത്തുന്നത്.
തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച എം.കെ.രാഘവൻ, എം.പി, മുൻ എം.എൽ.എമാരായ തമ്പാനൂർരവി, കെ.എസ്.ശബരീനാഥൻ ഉൾപ്പെടെയുള്ളവർക്ക് പുറമെ ഗ്രൂപ്പ് നേതാക്കളോട് ഏറെ അടുപ്പം പുലർത്തിയ നിരവധി മുതിർന്ന നേതാക്കളും തരൂരിനെ പിന്തുണച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാർ പറയുന്നു. ആകെയുള്ള 310 വോട്ടർമാരിൽ 294 പേരാണ് കേരളത്തിൽ നിന്ന് വോട്ടു ചെയ്തത്.
തരൂരിനെ പിന്തുണയ്ക്കുന്നതിൽ നേതൃത്വം അസംതൃപ്തി പ്രകടിപ്പിച്ചിരുന്നതിന്റെ സൂചനകളും പുറത്തുവന്നിരുന്നു. തരൂരിന് പിന്തുണ നൽകാമെന്ന് രണ്ട് മാസം മുമ്പ് താൻ ഉറപ്പ് കൊടുത്തതാണെന്നും, ഇതുമൂലം ഉണ്ടായേക്കാവുന്ന നഷ്ടം തനിക്ക് അറിയാമെന്നുമാണ് എം.കെ.രാഘവൻ എം.പി തിരഞ്ഞെടുപ്പ് ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ, പ്രതീക്ഷിച്ചതിലപ്പുറം വോട്ട് പിടിച്ചതോടെ തരൂരിനെ
അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയാണ് മിക്ക നേതാക്കളും.
അനന്തരം
#തരൂരിന്റെ സ്വീകാര്യത ദേശീയതലത്തിൽത്തന്നെ ഉയരുന്നു
#പാർലമെന്ററി തലത്തിലും പാർട്ടിയിലും ഉയർന്ന പദവി കിട്ടിയേക്കാം
#ലോക് സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ
പ്രചാരണരംഗത്ത് മുഖ്യറോൾ വഹിച്ചേക്കാം.