congress-and-bjp

ന്യൂഡൽഹി: ഹിമാചൽ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 62 സ്ഥാനാർത്ഥികളുടെയും കോൺഗ്രസ് 46 പേരുടെയും പട്ടിക പുറത്തിറക്കി. നേരത്തെ നാലു പേരുടെ പട്ടിക പ്രഖ്യാപിച്ച എ.എ.പി മുഴുവൻ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും.

11 സിറ്റിംഗ് എം.എൽ.എമാർക്ക് സിറ്റ് നിഷേധിച്ച ബി.ജെ.പി രണ്ട് മന്ത്രിമാരുടെ മണ്ഡലങ്ങൾ പരസ്പരം മാറ്റിയിട്ടുണ്ട്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന രണ്ട് കോൺഗ്രസ് എം.എൽ.എമാരെയും സ്ഥാനാർത്ഥികളാക്കി.

ബി.ജെ.പി പട്ടികയിൽ അഞ്ച് വനിത സ്ഥാനാർത്ഥികളുണ്ട്. എന്നാൽ മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമലിനെ ഒഴിവാക്കി. ബാക്കിയുള്ള 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിച്ചേക്കും. ഹിമാചൽ മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ സെറാജിൽ നിന്ന് മത്സരിക്കും. അദ്ദേഹം ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നഡ്ഢയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗമാണ് ഏറെ നേരം ചർച്ച നടത്തി സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, കേന്ദ്ര മന്ത്രിമാരായ ഭൂപേന്ദ്ര യാദവ്, സർബാനന്ദ സോനോവാൾ, ബി.എസ്. യെദിയൂരപ്പ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കോൺഗ്രസും കഴിഞ്ഞ ദിവസം 46 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത് വിട്ടിരുന്നു. മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ മകൻ വിക്രമാദിത്യ സിംഗ് ഷിംല റൂറലിൽ നിന്ന് വീണ്ടും ജനവിധി തേടും. 19 സിറ്റിംഗ് എം.എൽ.എമാർക്കും കോൺഗ്രസ് ടിക്കറ്റ് നൽകി.