
ന്യൂഡൽഹി: മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് പാർട്ടിയിൽ മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഡോ. ശശി തരൂരിന്റെ പ്രധാന ആരോപണം. എന്നാൽ ഔദ്യോഗിക വിഭാഗം ആഗ്രഹിച്ചതുപോലെ ഖാർഗെ വൻ വിജയം നേടിയപ്പോൾ ഈ ചോദ്യം വീണ്ടും ഉയരുകയാണ്. ഗാന്ധി കുടുംബം തങ്ങളുടെ വിശ്വസ്‌തനിലൂടെ തുടർന്നും കടിഞ്ഞാൺ കൈയിൽ വയ്‌ക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ ആകാംക്ഷ. എന്നാൽ ഖാർഗെ സ്വന്തം നിലയിൽ പാർട്ടിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് പറയുന്നവരുമുണ്ട്.
ലോക്‌സഭയിൽ 53ഉം രാജ്യസഭയിൽ 31ഉം ഛത്തീസ്ഗഡിലും രാജസ്ഥാനിൽ ഭരണവും മാത്രമുള്ള പ്രാദേശിക പാർട്ടിയെപ്പോലെ ചുരുങ്ങിയ കോൺഗ്രസിനെ ഘടനാ മാറ്റങ്ങൾക്ക് വിധേയമാക്കാനാണ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നടത്തിയത്. എന്നാൽ വിശ്വസ്‌തനായ ഖാർഗെയുടെ സ്ഥാനാർത്ഥിത്വം ഗാന്ധി കുടുംബത്തിന്റെ ആശിർവാദത്തോടെയായിരുന്നു. അതിനാൽ സോണിയാ ഗാന്ധിക്ക് കഴിയാതിരുന്ന എന്ത് മാറ്റമാണ് ഖാർഗെ കൊണ്ടുവരികയെന്നത് ഏറെ പ്രസക്തം. അതിനുള്ള അനുഭവ സമ്പത്തും കഴിവുമുണ്ടെങ്കിലും പാർട്ടിയുടെ നിലവിലെ ചട്ടക്കൂട്ടിൽ നിന്ന് അതെങ്ങനെ നിർവഹിക്കുമെന്നതാണ് ചോദ്യം.
പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ഭാരത് ജോഡോ യാത്ര ദക്ഷിണേന്ത്യയിൽ വിജയകരമായി മുന്നേറുകയാണ്. യാത്ര നൽകുന്ന ഉണർവ് കോൺഗ്രസിന്റെ പുനഃരുദ്ധരിക്കാൻ ഖാർഗെയ്‌ക്ക് ഉൗർജ്ജമാകും. 2014ന് ശേഷമാണ് കോൺഗ്രസിന്റെ പ്രമുഖ ദേശീയ നേതാവായി ഖാർഗെ മാറിയത്. ലോക്‌സഭാ നേതാവ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിലിരുന്ന് പാർലമെന്റിലും ദേശീയ രാഷ്‌ട്രീയത്തിലും അദ്ദേഹം നിർണായക റോളുകൾ കൈകാര്യം ചെയ്‌തിട്ടുണ്ട്. ബി.ജെ.പിക്കെതിരെ 2024ൽ പ്രതിപക്ഷത്തെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അദ്ദേഹം എന്തു സംഭാവന നൽകുമെന്നാണ് കണ്ടറിയേണ്ടത്.