aicc

ന്യൂഡൽഹി: തുടർച്ചയായ തിരഞ്ഞെടുപ്പ് തോൽവികൾ മൂലം ആഘോഷങ്ങൾ അകന്നു നിന്ന ഡൽഹി അക്ബർ റോഡിലെ എ.ഐ.സി.സി ആസ്ഥാനം ഇന്നലെ ഉത്സവ ലഹരിയിലായിരുന്നു. ജനാധിപത്യ രീതിയിൽ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുത്ത ദിവസം പ്രവർത്തകർ വാദ്യം മുഴക്കിയും മധുരം വിതരണം ചെയ്‌തും ആഘോഷിച്ചു.

ജയമുറപ്പായതിനാൽ മല്ലികാർജ്ജുൻ ഖാർഗെയുടെ രാജാജി മാർഗിലെ വസതിയിൽ രാവിലെ മുതൽ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. കർണാടകയിൽ നിന്നെത്തിയ പ്രവർത്തകർ ഖാർഗെയ്‌ക്ക് അഭിനന്ദനം അർപ്പിച്ചുള്ള ബാനറുകൾ തയ്യാറാക്കി വച്ചു. ഉച്ചയ്‌ക്ക് ആദ്യ ഫല സൂചന വന്നതിന് പിന്നാലെ അവർ എ.ഐ.സി.സി ആസ്ഥാനത്തെത്തി വിജയാഘോഷം തുടങ്ങി.

ഡോ. ശശി തരൂരിന് പിന്തുണയുമായി കേരളം, മഹാരാഷ്‌ട്ര, യു.പി എന്നിവിടങ്ങളിൽ നിന്ന് പ്രവർത്തകരെത്തിയിരുന്നു. തരൂർ 1072 വോട്ടു നേടിയത് വലിയ നേട്ടമാണെന്ന് അവർ അവകാശപ്പെട്ടു. ആയിരത്തിലേറെ വോട്ടു നേടുമെന്ന് പ്രതീക്ഷിച്ചെന്നും പ്രവർത്തകർ പറഞ്ഞു.