
ന്യൂഡൽഹി: വിശദമായ വാദം കേൾക്കേണ്ട ഹർജിയാണെന്ന ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ നിരീക്ഷണത്തോടെ, ലാവ് ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. ഹർജികളിൽ വാദം കേൾക്കുന്നത് മുപ്പത്തിമൂന്നാം തവണയും മാറ്റിയതോടെ, ഇനി പുതിയ ബെഞ്ച് കേസ് പരിഗണിക്കും. കേസ് നവംബർ അവസാനം വീണ്ടും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ കുറ്റവിമുക്തരാക്കിയതിന് എതിരായ സി.ബി.ഐയുടെ അപ്പീലും വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ട മൂന്ന് പ്രതികളുടെ ഹർജിയുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അടുത്ത മാസം 8 ന് വിരമിക്കുന്നതോടെ, പുതിയ ബെഞ്ചിനെ പുതിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിശ്ചയിക്കും.
പ്രതിഭാഗം
വാദം തള്ളി
ലാവലിൻ കേസിൽ ഹ്രസ്വമായ വാദം കേൾക്കലേ ആവശ്യമുള്ളുവെന്ന് ഉർജ്ജവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാറും, അഭിഭാഷകൻ എം.എൽ. ജിഷ്ണുവും ഉന്നയിച്ച വാദം ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല. കേസിൽ അനുകൂലമായോ പ്രതികൂലമായോ വിധിയുണ്ടാകാമെന്നും, എന്നാൽ വിശദമായ വാദം കേൾക്കൽ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ വിശദ വാദം കേൾക്കൽ നടക്കില്ലെന്ന് ഉറപ്പായതിനാൽ, സി.ബി.ഐക്ക് വേണ്ടി മുതിർന്ന അഭിഭാഷകരാരും ഹാജരായിരുന്നില്ല. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ കസ്തൂരിരംഗ അയ്യർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ആർ. ബസന്തും കെ.ജി. രാജശേഖരന് വേണ്ടി രാകേന്ദ് ബസന്തും ഹാജരായി.