
ന്യൂഡൽഹി: ആൻഡ്രോയ‌്ഡ് മൊബൈൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് എതിരാളികൾക്ക് അവസരം നിഷേധിക്കുന്ന തരത്തിൽ കരാറുകളുണ്ടാക്കിയതിന് ഗൂഗിളിന് കോമ്പറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ (സി.സി.ഐ) 1,337 കോടി രൂപ പിഴ ചുമത്തി.
ആൻഡ്രോയ‌്ഡ് മൊബൈൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട വിപണികളിൽ ആധിപത്യം നേടാൻ കരാർ ദുരുപയോഗം ചെയ്‌തെന്ന് സി.സി.ഐ കണ്ടെത്തി.
തങ്ങൾ വികസിപ്പിച്ച ആൻഡ്രോയ‌്ഡ് ഒ.എസ് (ഓപ്പറേറ്റിംഗ് സിസ്റ്റം) പ്രവർത്തിപ്പിക്കുന്ന മൊബൈൽ ഫോണുകളിലും മറ്റും ഗൂഗിളിന്റെ സ്വന്തം ആപ്പുകൾക്ക് മേൽക്കൈ ലഭിക്കുന്ന തരത്തിൽ ഒന്നിലധികം കരാറുണ്ടാക്കിയതിനാണ് നടപടി.
ഗൂഗിളിന്റെ സെർച്ച് എൻജിൻ, ക്രോം ബ്രൗസർ, യൂ ട്യൂബ് തുടങ്ങിയവ പ്രീ ഇൻസ്റ്റാൾഡ് ആപ്പുകളായി വരണമെന്നാണ് കരാർ. ഇത് ഗൂഗിളിന്റെ സ്വന്തം ആപ്പുകൾക്ക് എതിരാളികളെ അപേക്ഷിച്ച് കാര്യമായ മത്സര നേട്ടം നൽകുന്നുണ്ടെന്ന് സി.സി.ഐ ചൂണ്ടിക്കാട്ടുന്നു. എതിരാളികളെക്കാൾ മത്സരാധിഷ്‌ഠിത നേട്ടമുണ്ടാക്കുന്നതിനൊപ്പം വിപണിയിൽ മറ്റുള്ളവരെ തടയാനും ഇതുവഴി ഗൂഗിളിന് സാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.
എന്നാൽ, ആപ്പിൾ കമ്പനിയിൽ നിന്നുള്ള മത്സരം നേരിടാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന ഗൂഗിളിന്റെ വാദം സി.സി.ഐ തള്ളി.
രണ്ടു കമ്പനികളും രണ്ട് ബിസിനസ് മേഖലകളിലാണ് കേന്ദ്രീകരിക്കുന്നതെന്ന് സി.സി.ഐ ബോദ്ധ്യപ്പെടുത്തി. ആപ്പിളിന്റെ ബിസിനസ് പ്രാഥമികമായി സ്മാർട്ട് ഫോൺ അടക്കമുള്ള ഉപകരണങ്ങളിലാണ്. അതേസമയം, ഗൂഗിളിന്റെ ബിസിനസ്സ് സ്വന്തം പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കളെ വർദ്ധിപ്പിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെയാണ്. അതിലൂടെ പരമാവധി വരുമാനമുണ്ടാക്കുന്നു. ഗൂഗിൾ സെർച്ച് എൻജിനിലെ തിരയലും ഓൺലൈൻ പരസ്യ വരുമാനവുമായി ബന്ധമുണ്ടെന്നും സി.സി.ഐ ചൂണ്ടിക്കാട്ടി.