modi

ന്യൂഡൽഹി: തീർത്ഥാടന കേന്ദ്രങ്ങളായ കേദാർനാഥും ബദരീനാഥും സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ - ചൈന അതിർത്തിയായ ഉത്തരാഖണ്ഡിലെ മാണായിൽ 3400 കോടി രൂപയുടെ റോഡ്, റോപ്പ് വേ പദ്ധതികൾക്കും തറക്കല്ലിട്ടു.

ഇന്നലെ രാവിലെ കേദാർനാഥ് ക്ഷേത്ര ദർശനത്തോടെയാണ് പരിപാടികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. തുടർന്ന് മന്ത്രം ചൊല്ലി പൂജയും ചെയ്‌തു.

ഹിമാചലിലെ ചമ്പാജില്ലയിലുള്ള വനിത സമ്മാനിച്ച പരമ്പരാഗത ഹിമാചൽ വസ്‌ത്രമായ ചോലാ ദോരയും തൊപ്പിയും ധരിച്ചാണ് മോദി കേദാർനാഥിലെത്തിയത്. തുടർന്ന് അദ്ദേഹം കേദാർനാഥിലെ ആദിശങ്കരചാര്യ സമാധിയും സന്ദർശിച്ചു. മന്ദാകിനി ആസ്ഥാപഥ്, സരസ്വതി ആസ്ഥാപഥ് എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ അവലോകനംചെയ്‌ത ശേഷം ബദരീനാഥിലേക്ക് പോയ പ്രധാനമന്ത്രി പ്രശസ്‌തമായ ബദരീനാഥ് ക്ഷേത്രത്തിലും പൂജ നടത്തി. അളകനന്ദ നദീതീരത്ത് നടക്കുന്ന പ്രവൃത്തികളും വിലയിരുത്തി.

 മുൻ ഭരണാധികാരികൾ ക്ഷേത്രങ്ങളെ അവഗണിച്ചു
അടിമത്തമനോഭാവമുള്ള മുൻ സർക്കാരുകൾ ആരാധനാലയങ്ങളെ അവഗണിച്ചെന്ന് മോദി കുറ്റപ്പെടുത്തി. ഇന്ത്യക്കാർക്ക് ആത്മീയകേന്ദ്രങ്ങളുമായുള്ള ബന്ധം അവർ മനസിലാക്കിയില്ല. ഇന്ന്, കാശി, ഉജ്ജ്വയിൻ, അയോദ്ധ്യ തുടങ്ങിയവ നഷ്ടപ്പെട്ട പെരുമയും പൈതൃകവും വീണ്ടെടുക്കുകയാണ്.

വിശ്വാസകേന്ദ്രങ്ങളിൽ റെയിൽപാത, റോഡുകൾ, റോപ്പ്‌വേകൾ എന്നിവയ്‌ക്കൊപ്പം തൊഴിൽ, വിനോദസഞ്ചാരം എന്നിവ മെച്ചപ്പെടുത്തുകയാണ്. ദുർഘട മേഖലകളിൽ ഡ്രോണുകൾ വിന്യസിക്കും. വിനോദസഞ്ചാരികൾ യാത്രാബഡ്ജറ്റിന്റെ അഞ്ചുശതമാനം പ്രാദേശിക ഉത്പന്നങ്ങൾക്കായി ചെലവാക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

 അതിർത്തി ഗ്രാമങ്ങൾ പ്രധാനം

അതിർത്തിയിലുള്ള ഓരോ ഗ്രാമവും പ്രധാനമാണെന്നും അവിടുത്തെ ജനങ്ങൾ രാജ്യത്തിന്റെ ശക്തരായ കാവൽക്കാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിർത്തിപ്രദേശങ്ങളെ മറ്റു മേഖലകളുമായി ബന്ധിപ്പിക്കാൻ ശ്രമം തുടരുകയാണ്. 8 വർഷത്തിനിടെ ജമ്മു കശ്മീർ-അരുണാചൽ പ്രദേശ് റൂട്ടിൽ 7,000 കിലോമീറ്റർ പുതിയ റോഡുകളും പാലങ്ങളും നിർമ്മിച്ചു. തുരങ്കങ്ങളും പൂർത്തിയാക്കിയെന്നും മോദി പറഞ്ഞു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, ഗവർണർ റിട്ട. ജനറൽ ഗുർമിത് സിംഗ്, തിരാത് സിംഗ് റാവത്ത് എം.പി, ഉത്തരാഖണ്ഡ് മന്ത്രി ധൻ സിംഗ് റാവത്ത്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മഹേന്ദ്ര ഭട്ട് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



റോപ് വേ പദ്ധതി

 ഗൗരികുണ്ഡ് - കേദാർനാഥ്- 9.7 കി.മീ

 യാത്ര 6-7 മണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയും

 നിർമ്മാണ ചെലവ്- 2430 കോടി രൂപ

 ഗോവിന്ദ്ഘട്ട് - സിക്ക് തീർത്ഥാടന കേന്ദ്രമായ ഹേമകുണ്ഡ് സാഹിബിലേക്ക്-12.4 കി.മീ

 കുറയുന്ന യാത്ര സമയം- 45 മിനിറ്റ്

 വാലി ഒഫ് ഫ്ലവേഴ്‌സ് നാഷണൽ പാർക്കിനെ ബന്ധിപ്പിക്കും

റോഡ് വികസനം

 മാണ-മാണ ചുരം വരെ (ദേശീയ പാത-07)

 ജോഷിമഠ് മുതൽ മലരി വരെ(ദേശീയ പാത -07ബി)

 ചൈനീസ് അതിർത്തിയിലെ മാണാ ഗ്രാമത്തിലേക്ക് എല്ലാ കാലാവസ്ഥയിലും യാത്ര ഒരുക്കുക ലക്ഷ്യം

 ചെലവ്-1000 കോടി രൂപ