p

ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റാൻ നടി നൽകിയ അപ്പീൽ ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് തള്ളി. വിചാരണക്കോടതി മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിചാരണക്കോടതി ജഡ്‌ജി നേരിട്ടോ അല്ലാതെയോ പ്രതി ദിലീപുമായി ബന്ധം ഉണ്ടാക്കിയതിന് തെളിവുണ്ടോയെന്ന് ജസ്റ്റിസ് അജയ് രസ്തോഗി ആരാഞ്ഞു. വിചാരണ നടത്തുന്ന ജഡ്‌ജിയോട് വായ അടച്ച് ഇരിക്കാൻ പറയാനാകില്ല. ഭർത്താവ് തെറ്റ് ചെയ്തെങ്കിൽ വിചാരണക്കോടതി ജഡ്‌ജി എന്ത് പിഴച്ചെന്നും കോടതി ചോദിച്ചു.

വിചാരണക്കോടതിയിൽ കേസ് തുടർന്നാൽ തനിക്ക് നീതി ലഭിക്കില്ലെന്നാണ് നടിയുടെ ഹർജിയിലെ വാദം. വിചാരണ തടസപ്പെടുത്താൻ മുമ്പും ശ്രമങ്ങൾ നടന്നതായി തടസ ഹർജിയിൽ ദിലീപ് ആരോപിച്ചു.

ഭർത്താവിനെതിരെ ആരോപണമുണ്ടെങ്കിൽ ജഡ്‌ജിയെ സംശയിക്കുന്നതെന്തിന്?. ഇത്തരം ഹർജികൾ ജുഡിഷ്യൽ ഓഫീസറെ സമ്മർദ്ദത്തിലാക്കും. വിചാരണക്കോടതിക്കോ ജഡ്ജിക്കോ തെറ്റ് പറ്റിയോ എന്ന് അറിയാൻ കഴിയുന്നത് ഹൈക്കോടതിക്കും അതിന്റെ ഭരണ സംവിധാനത്തിനുമാണ്.

ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷം ട്രാൻസ്‌ഫർ ഹർജിയിലെ ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്നും അത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വിചാരണക്കോടതി ജഡ്‌ജി ഹണി എം.വർഗ്ഗീസ് വിചാരണ പൂർത്തിയാക്കാൻ നടത്തുന്ന ശ്രമങ്ങളിൽ ബെഞ്ച് തൃപ്തി രേഖപ്പെടുത്തി. 20 വർഷത്തിലധികം സർവ്വീസുള്ള ജുഡീഷ്യൽ ഓഫീസറാണ് ഹണി എം വർഗ്ഗീസ് എന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ദിവസം ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരുടെ ബെഞ്ചും വിചാരണക്കോടതി ജഡ്‌ജിയുടെ പ്രവർത്തനത്തിൽ തൃപ്തി രേഖപ്പെടുത്തിയിരുന്നു.

വിചാരണക്കോടതി ജഡ്‌ജിമാർക്കെതിരെ വ്യാജ ആരോപണങ്ങൾ വർദ്ധിക്കുന്നതിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. ഇത് മൂലം വിചാരണക്കോടതി ജഡ്‌ജിമാർക്ക് ക്രിമിനൽ കേസുകൾ കേൾക്കാൻ താല്പര്യമില്ലാതാകുകയാണ്. സുപ്രീം കോടതി, ഹൈക്കോടതി ജഡ്‌ജിമാർ ഇത് സഹിച്ചേക്കും. വിചാരണക്കോടതി ജഡ്‌ജിമാരുടെ കാര്യം അങ്ങനെയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.