
ന്യൂഡൽഹി: കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന സർക്കാരുകളും നേരിട്ട് ടെലിവിഷൻ സംപ്രേഷണം നടത്തരുതെന്നും വാർത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രസാർഭാരതിയെ സമീപിക്കണമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. നിലവിൽ ഔദ്യോഗിക പരിപാടികൾ മറ്റ് ചാനലുകളിലൂടെ സംപ്രേഷണം ചെയ്യുന്നത് 2023 ഡിസംബർ 31ഒാടെ നിറുത്തലാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഡി.ടി.എച്ച് പ്ലാറ്റ്‌ഫോമുകളിൽ അടക്കം ലഭ്യമായ കേരള സർക്കാരിന്റെ കെെറ്റ് വിക്‌ടേഴ്സ് വിദ്യാഭ്യാസ ചാനൽ, തമിഴ്‌നാട് സർക്കാരിന്റെ വിദ്യാഭ്യാസ ചാനലായ കൽവി ടിവി, ആന്ധ്രയുടെ ഐ.പി.ടിവി തുടങ്ങിയവയുടെ പ്രവർത്തനത്തെ അടക്കം ഉത്തരവ് ബാധിച്ചേക്കും.
ഭരണഘടനയുടെ 246-ാം വകുപ്പ് കേന്ദ്ര സർക്കാരിന് പ്രത്യേക അധികാരം നൽകുന്നുണ്ടെന്ന് ഉത്തരവിൽ പറയുന്നു. വിദ്യാഭ്യാസ പരമായ ആവശ്യങ്ങൾക്കായി സംസ്ഥാന സർക്കാരുകൾക്ക് പ്രസാർഭാരതിയുമായി ധാരണയുണ്ടാക്കാം.