
ന്യൂഡൽഹി: ചൈനയിൽ നിന്നുൾപ്പെടെ കോടികളുടെ സഹായം അനധികൃതമായി സ്വീകരിച്ച് വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചെന്ന അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളുടെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് ലൈസൻസ് (എഫ്.സി.ആർ.എ) കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയാണ് ഇരു സംഘടനകളുടെയും അദ്ധ്യക്ഷ. സി.ബി.ഐ അന്വേഷണത്തിനും സാദ്ധ്യതയുണ്ട്.
ഒട്ടേറെ ആരോപണങ്ങളെ തുടർന്ന് 2020ൽ ഇ.ഡി സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, സി.ബി.ഐ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച സമിതിയാണ് ക്രമക്കേട് കണ്ടെത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ടും സമർപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, ആദായ നികുതി നിയമ ലംഘനം എന്നിവ നടന്നോയെന്നും അന്വേഷിച്ചു. കോൺഗ്രസിന്റെ തന്നെ സംഘടനയായ ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റിനെ കുറിച്ചും അന്വേഷണം നടക്കുകയാണ്. എന്നാൽ ഈ സംഘടനയ്ക്കെതിരെ നടപടിയൊന്നും വന്നിട്ടില്ല.
1991ൽ രൂപീകരിച്ച രാജീവ് ഗാന്ധി ഫൗണ്ടേഷനിൽ രാഹുൽ, പ്രിയങ്ക, മൻമോഹൻ സിംഗ്, പി.ചിദംബരം, മൊണ്ടേക് സിംഗ് അലുവാലിയ, സുമൻ ദുബെ, അശോക് ഗാംഗുലി എന്നിവർ ട്രസ്റ്റിമാരാണ്. അധഃസ്ഥിതരും ദരിദ്രരുമായ ഗ്രാമീണ ജനതയുടെ ഉന്നമനം ലക്ഷ്യമിട്ട് 2002ൽ ആരംഭിച്ച രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിൽ രാഹുൽ, അശോക് ഗാംഗുലി, ബൻസി മേത്ത, ദീപ് ജോഷി എന്നിവരാണ് ട്രസ്റ്റിമാർ. ഡൽഹി രാജേന്ദ്രപ്രസാദ് റോഡിൽ സ്ഥിതി ചെയ്യുന്ന ജവഹർ ഭവനിലാണ് ഇവയുടെ ഓഫീസ്.
എൻ.ജി.ഒകൾക്കെതിരെ
ഗുരുതര ആരോപണങ്ങൾ
ചൈനീസ് സർക്കാരിൽ നിന്നും സാമ്പത്തിക കുറ്റവാളിയായ മെഹുൽ ചോക്സിയിൽ നിന്നും സംഭാവന സ്വീകരിച്ചതായി ബി.ജെ.പി ആരോപിക്കുന്നു. യു.പി.എ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെത്തുന്ന പണം സംഘടനകൾക്കായി വകമാറ്റിയതായും ആരോപണം. ചൈനീസ് എംബസി 2005-06ൽ 300,000 ഡോളറാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന് നൽകിയതെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ജൂൺ 25 ന് ആരോപിച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ വെബ്സൈറ്റിൽ ചൈനയെ പങ്കാളിയായും രേഖപ്പെടുത്തിയിട്ടുണ്ട്. 1991ലെ കേന്ദ്ര ബഡ്ജറ്റിൽ മൻമോഹൻ സിംഗ് 100 കോടി രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് നൽകിയതും നദ്ദ ചൂണ്ടിക്കാട്ടി. രാജീവ് ഗാന്ധി ഫൗണ്ടേഷൻ നിർമ്മിച്ച കെട്ടിടം കോൺഗ്രസ് പാർട്ടി ഓഫീസിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അന്വേഷിക്കണമെന്നും സുബ്രഹ്മണ്യൻ സ്വാമിയും ആവശ്യപ്പെട്ടിരുന്നു.