
ന്യൂഡൽഹി: ഗാസിയാബാദിൽ തന്നെ കൂട്ടമാനഭംഗത്തിനിരയാക്കിയതായി വ്യാജപരാതി നൽകിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചു പേർ ചേർന്ന് തന്നെ മാനഭംഗപ്പെടുത്തിയെന്ന പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 36 കാരി അറസ്റ്റിലായത്. കൂട്ടുപ്രതികളായ ആസാദ്, അഫ്സൽ, ഗൗരവ് എന്നിവരെ പൊലീസ് വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു.
യുവതിയും ചിലരുമായുള്ള വസ്തുതർക്കത്തിന്റെ പേരിൽ തന്നെ മാനഭംഗത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി.
അറസ്റ്റിലായ 36 കാരിയും ആരോപണ വിധേയരായ അഞ്ചു പേരും തമ്മിൽ നടന്ന വസ്തു ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കള്ളപ്പരാതി നൽകാൻ പ്രേരിപ്പിച്ചത്. വസ്തുവുമായി ബന്ധപ്പെട്ട കേസ് ഡൽഹി ജില്ലാ കോടതിയുടെ പരിഗണനയിലാണ്.
വഞ്ചനാക്കുറ്റം, വ്യാജരേഖയുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് എടുത്ത പൊലീസ് യുവതിയെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ചു.
സഹോദരന്റെ ജന്മദിനം ആഘോഷിക്കാൻ ഗാസിയാബാദിൽ ഓട്ടോ കാത്ത് നിൽക്കുന്നതിനിടെ ചിലർ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. സർക്കാർ ആശുപത്രിയിൽ പരിശോധനക്ക് തയ്യാറാകാതിരുന്നതാണ് പൊലീസിന് സംശയം ജനിപ്പിച്ചത്. സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ രണ്ടംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. യുവതിയുടെയും കുടുംബാംഗങ്ങളുടെയും മൊഴികളിലുള്ള വൈരുദ്ധ്യവും സംഭവം പ്രചരിപ്പിക്കാൻ വേണ്ടി 5000 രൂപ ചിലർക്ക് നൽകിയെന്നുള്ള സൂചനകളും രണ്ടംഗ സംഘം കണ്ടെത്തിയിരുന്നു.