
ന്യൂഡൽഹി: പതിവുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചു. ഇക്കുറി കാർഗിലിലെ സൈനികർക്കൊപ്പമായിരുന്നു
ആഘോഷം. പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്‌തമാകാനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്നും അതിർത്തിയിലെ ഏതു വെല്ലുവിളി നേരിടാനും സൈന്യം സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാർഗിലിനോടുള്ള ആദരമാണ് സൈനികരിലേക്ക് തന്നെ എപ്പോഴും ആകർഷിക്കാൻ കാരണം. വർഷങ്ങളായി സൈനികർ തന്റെ കുടുംബത്തിന്റെ ഭാഗമാണ്. ജവാന്മാരുടെ സാന്നിധ്യത്തിൽ ദീപാവലിയുടെ മാധുര്യം വർദ്ധിക്കുന്നു. ഒരുവശത്തു മാതൃരാജ്യത്തിന്റെ മണ്ണിനോടുള്ള സ്നേഹവും മറുവശത്തു അതിർത്തി കാക്കുന്ന ധീരരായ ജവാൻമാരുമുണ്ട്. ഇത്രയും വിപുലമായി ദീപാവലി മറ്റെവിടെയും ആഘോഷിക്കാനാകില്ല.
ഭീകരതയ്‌ക്ക് അന്ത്യം കുറിച്ച കാർഗിലിലെ വിജയാഘോഷങ്ങൾക്ക് ദീപാവലിയോടു സാമ്യമുണ്ട്. കാർഗിൽ ഇന്ത്യൻ സൈന്യത്തിന്റെ ധീരതയുടെ പ്രതീകമാണ്. അതിനു മുന്നിൽ പർവതശിഖരത്തിൽ ഒളിച്ച ശത്രുക്കൾ ദുർബലരായി. സൈനികർ ഇന്ത്യയുടെ പ്രതിരോധ തൂണുകളാണ്. അതിർത്തികൾ സുരക്ഷിതമായാലേ രാജ്യം സുരക്ഷിതമാകൂ. സമ്പദ്‌വ്യവസ്ഥ ശക്തമാകൂ. 1999ൽ സൈനികരെ അഭിനന്ദിക്കാൻ കാർഗിൽ എത്തിയതും അദ്ദേഹം ഓർത്തു.
പോരാട്ടം ഇന്ത്യ വിജയകരമായി ഏറ്റെടുത്തു
ബാഹ്യവും ആഭ്യന്തരവുമായ ശത്രുക്കൾക്കെതിരായ പോരാട്ടം ഇന്ത്യ വിജയകരമായി ഏറ്റെടുത്തെന്ന് മോദി പറഞ്ഞു. രാജ്യത്തിത്തെ ശത്രുക്കൾക്കെതിരെ കർശനനടപടി സ്വീകരിക്കുകയാണ്. ഭീകരവാദം, നക്സലിസം, തീവ്രവാദം എന്നിവയെ വേരോടെ പിഴുതെറിയാനുള്ള ശ്രമത്തിലാണ്. ലോകസമാധാനത്തിനായി നിലകൊള്ളുന്ന ഇന്ത്യ യുദ്ധത്തിനെതിരാണ്. എന്നാൽ നമ്മെ ആക്രമിച്ചാൽ ഉചിതമായ മറുപടി നൽകാൻ സൈന്യത്തിനറിയാം. പുതിയ വെല്ലുവിളി നേരിടാൻ രാജ്യത്തിന്റെ സൈനിക ശക്തിയെ പരിഷ്‌കരിക്കുകയാണ്. ജവാൻമാർക്കായി അതിർത്തിയിൽ ആധുനിക അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കുന്നു. രാജ്യത്തു നിരവധി സൈനിക സ്കൂളുകൾ തുറക്കുന്നു. പ്രതിരോധമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനും ശ്രമം തുടങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു.