congress-and-bjp

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണത്തിനുള്ള സമയം ഇന്നലെ അവസാനിച്ചതോടെ ഹിമാചൽ പ്രദേശ് ഇനി പ്രചാരണ ചൂടിലമരും. കോൺഗ്രസിനെയും ബി.ജെ.പിയെയും മാറി മാറി വിജയിപ്പിച്ച ചിത്രമാണ് ഹിമാചലിലുള്ളത്. ഇത്തവണയും കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരം. എന്നാൽ കറുത്ത കുതിരകളാകാൻ ആം ആദ്മി പാർട്ടി മുഴുവൻ സീറ്റുകളിലും മത്സരിക്കുകയാണ്. എന്നാൽ പ്രചാരണത്തിൽ ഗുജറാത്ത് പോലെ ഇവിടെ സജീവമല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പിയുടെയും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെയും താരപ്രചാരകരാണ് പ്രചാരണത്തിനെത്തുന്നത്. ഡൽഹി, പഞ്ചാബ് മോഡൽ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടിക്കായി ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാൻ സിംഗ്, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരടക്കം പ്രചാരണത്തിനെത്തും. ബി.ജെ.പിക്കെതിരായി സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് പ്രചാരണം നയിക്കുന്നത്.

എന്നാൽ മോദി സർക്കാരിന്റെ പദ്ധതികൾ ചൂണ്ടിക്കാട്ടിയുള്ള പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ബി.ജെ.പിക്കാണ് അല്പം മേൽക്കൈ ലഭിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് മോദിയും അമിത് ഷായും ഹിമാചലിൽ സന്ദർശിച്ച് നിരവധി പരിപാടികളിൽ പങ്കെടുത്തിരുന്നു. ബി.ജെ.പിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് മുഖ്യമന്ത്രി ജയറാം ഠാക്കുറാണെങ്കിൽ കോൺഗ്രസിന്റെ പട നയിക്കുന്നത് മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയും സംസ്ഥാന അദ്ധ്യക്ഷയുമായ പ്രതിഭ സിംഗ് എം.പിയാണ്. അടുത്തയാഴ്ച ഹിമാചലിലെ എട്ട് റാലികളിൽ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും.