congress

ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷനായി ദളിത് നേതാവും കർണാടക സ്വദേശിയുമായ മല്ലികാർജ്ജുന ഖാർഗെ ഇന്ന് ചുമതലയേൽക്കും. ഒപ്പം 22 വർഷമായി പാർട്ടിയെ നയിക്കുന്ന സോണിയാഗാന്ധി പടിയിറങ്ങും. രാവിലെ 10.30ന് ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി അദ്ധ്യക്ഷൻ മധുസൂതൻ മിസ്‌ത്രി തിരഞ്ഞെടുപ്പിൽ ഖാർഗെ ജയിച്ചതിന്റെ സർട്ടിഫിക്കറ്റ് കൈമാറുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കം. ചടങ്ങിന് മുൻപ് ഖാർഗെ രാജ്ഘട്ടിൽ രാഷ്‌ട്രപിതാവിന്റെ സമാധിസ്ഥലം സന്ദർശിച്ച് ആദരാഞ്ജി അർപ്പിക്കും.

സോണിയാ ഗാന്ധി, ഭാരത് ജോഡോ യാത്രയ്‌ക്ക് ഇടവേള നൽകി ഡൽഹിയിലെത്തിയ രാഹുൽ ഗാന്ധി, പ്രവർത്തക സമിതി അംഗങ്ങൾ, എ.ഐ.സി.സി ഭാരവാഹികൾ, എം.പിമാർ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ, പി.സി.സി അദ്ധ്യക്ഷൻമാർ, നിയമസഭാ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

 പ്രവർത്തക സമിതിയിലേക്കും തിരഞ്ഞെടുപ്പ്

അദ്ധ്യക്ഷന് പിന്നാലെ 23 അംഗ പ്രവർത്തക സമിതിയിലെ 11 അംഗങ്ങങ്ങളെയും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കുമെന്ന് സൂചന. പ്രവർത്തക സമിതിയിലും എ.ഐ.സി.സിയിലും തിരഞ്ഞെടുപ്പ് വേണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു. പുതിയ അദ്ധ്യക്ഷൻ ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് തിരഞ്ഞെടുപ്പ് അതോറിട്ടി ചെയർമാൻ പറഞ്ഞത്.

അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഖാർഗെയ്‌ക്കെതിരെ മികച്ച രീതിയിൽ പൊരുതിയ ഡോ. ശശി തരൂർ എം.പിക്ക് പ്രവർത്തക സമിതിയിലോ എ.ഐ.സി.സിയിലോ ഭാരവാഹിത്വം നൽകണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. കൂടാതെ കേരളത്തിൽ നിന്ന് രമേശ് ചെന്നിത്തലയെയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയാക്കുമെന്ന് സൂചനയുണ്ട്. നിലവിൽ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയുമാണ് കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ.