
ന്യൂഡൽഹി: ഒരു ദശാബ്ദത്തിനിടെയുള്ള ആദ്യ ഭാഗിക സൂര്യഗ്രഹണം ഇന്ത്യയിലും ദൃശ്യമായി. രാജ്യത്ത് സൂര്യഗ്രഹണം ആദ്യം ദൃശ്യമായതും ഡൽഹിയിലാണ്. സൂര്യഗ്രഹണം കൂടുതൽ ദൃശ്യമായത് ശ്രീനഗറിലും. 43 ശതമാനം സൂര്യഗ്രഹണമാണ് ഡൽഹിയിൽ ദൃശ്യമായത്. ശ്രീനഗറിൽ ഇത് 55 ശതമാനമായിരുന്നു.
ഇന്ത്യയിൽ ഇന്നലെ വൈകിട്ട് 4.29 മുതൽ 5.30 വരെയാണ് ഗ്രഹണം ദൃശ്യമായത്. ഒരു മണിക്കൂറും 31 മിനിട്ടും ദൃശ്യമായ സൂര്യഗ്രഹണം ഡെറാഡൂണിൽ വൈകുന്നേരം 5.44 വരെയും ചെന്നൈയിൽ 5.40 വരെയും ബംഗളൂരുവിൽ 5.50 വരെയും അമൃത്സറിൽ 5.24 വരെയും കൊൽക്കത്തയിൽ 4.59 വരെയും ലക്നൗവിൽ 5.11 വരെയും ജമ്മുവിലും ചണ്ഡിഗഡിലും 5.07 വരെയും ഭുവനേശ്വറിൽ 5.02 വരെയും ദൃശ്യമായി.
സൂര്യഗ്രഹണത്തോട് അനുബന്ധിച്ച് കേദാർനാഥ്, ബദരിനാഥ് തുടങ്ങിയ ക്ഷേത്രങ്ങളടക്കം അടച്ചിരുന്നു. ഗ്രഹണത്തിന് ശേഷമാണ് തുറന്നത്. സൂര്യഗ്രഹണ സമയത്ത് ഗ്രഹങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന നെഗറ്റീവ് ഊർജ്ജം വിഗ്രഹങ്ങളെ ബാധിക്കാതിരിക്കാനാണ് ക്ഷേത്രങ്ങളടച്ചതെന്ന് ജ്യോതിഷി പണ്ഡിറ്റ് ജഗന്നാഥ് പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂരിൽ സൂര്യഗ്രഹണം വീക്ഷിച്ചു. ലോകത്ത് സൂര്യഗ്രഹണം ഏറ്റവും വ്യക്തമായി ദൃശ്യമായത് റഷ്യയിലാണ്. സൂര്യാസ്തമയത്തിന് മുമ്പ് ഗ്രഹണം ദൃശ്യമായതിനാൽ വാനനിരീക്ഷകർക്ക് ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ അത് വീക്ഷിക്കാനുള്ള അവസരമുണ്ടായി. ഹരിയാനയിലെ കുരുക്ഷേത്രയിലെ വിവിധ സരോവരങ്ങളിൽ ഇന്നലെ വൈകിട്ട് 4.27 നും 5.39നുമിടയിൽ അഞ്ച് ലക്ഷത്തിലധികമാളുകൾ പുണ്യ സ്നാനം നടത്തി.