congress

ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളും, ഐ.ഐ.സി.സി ഭാരവാഹികളും രാജിവച്ചു. പുതിയ സമിതി നിലവിൽ വരുന്നതുവരെയുള്ള പ്രവർത്തനത്തിന് 47 അംഗ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചു. 22 വർഷം പാർട്ടിയെ നയിച്ച സോണിയാഗാന്ധി കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തുടരും.

രാവിലെ 10.30ന് ഡൽഹി അക്‌ബർ റോഡിലെ എ.ഐ.സി.സി ആസ്ഥാന വളപ്പിൽ തയ്യാറാക്കിയ പ്രത്യേക വേദിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി അദ്ധ്യക്ഷ മധുസൂതൻ മിസ്‌ത്രി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഖാർഗെ ജയിച്ചെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചടങ്ങുകൾ തുടങ്ങിയത്. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സ്വാഗതം പറഞ്ഞു

ജനാധിപത്യം സംരക്ഷണത്തിന് സമാനമനസ്‌കരുമായി ഒരുമിച്ച് പോരാടുമെന്നും 50 വയസിന് താഴെയുള്ളവർക്ക് 50 ശതമാനം പാർട്ടി പദവികൾ നൽകുമെന്നും സ്ഥാനാരോഹണ ചടങ്ങിൽ ഖാർഗെ പറഞ്ഞു. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് വിജയത്തിലൂടെ പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തകരുടെ പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു.
ചടങ്ങിന് ശേഷം എ.ഐ.സി.സി ആസ്ഥാനത്തെ അദ്ധ്യക്ഷന്റെ മുറിയിൽ ചുമതലേറ്റ ഖാർഗെ ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള രമേശ് ചെന്നിത്തല അദ്ധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുത്തു. ഇതായിരുന്നു ഖാർഗെയുടെ ആദ്യ ഔദ്യോഗിക ജോലി.

സ്ഥാനാരോഹണത്തിന് മുന്നോടിയായി ഖാർഗെ രാജ്ഘട്ടിലെത്തി രാഷ്‌ട്രപിതാവിന് ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ വസതിയിലെത്തി സന്ദർശിച്ചു. അതേസമയം പ്രവർത്തക സമിതിയിലുണ്ടായിരുന്നവർ ഉൾപ്പെടെയാണ് സ്റ്റിയറിംഗ് കമ്മിറ്റിയിലുമുള്ളത്. പഴയ കമ്മിറ്റികളിൽ ഇല്ലാതിരുന്നതിനാൽ ഡോ. ശശി തരൂരിനെ സ്റ്റിയറിംഗ് കമ്മിറ്റിയിലേക്ക് പരിഗണിച്ചില്ല.

 'ഇത് വൈകാരിക നിമിഷം"

ഒരു തൊഴിലാളിയുടെ മകൻ, ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകൻ, പാർട്ടി തലവനായി ചുമതലയേറ്റതിനാൽ ഇത് വൈകാരിക നിമിഷമാണെന്ന് ഖാർഗെ പറഞ്ഞു. 1969ൽ ബ്ലോക്ക് കമ്മിറ്റി അദ്ധ്യക്ഷനായി തുടക്കമിട്ട താൻ ഇത്രയും ഉയരത്തിലെത്തി. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും അടക്കം നയിച്ച പാർട്ടിയുടെ പാരമ്പര്യം നിലനിറുത്താനുള്ള ചുമതല അഭിമാനകരമാണ്.

പ്രബുദ്ധവും ശക്‌തവുമായ ഇന്ത്യ കെട്ടിപ്പടുക്കാനും ഭരണഘടന ഉയർത്തിപ്പിടിക്കാനും ഏവരെയും ഒരുമിപ്പിക്കും. ഏല്ലാവരുടെയും അവകാശങ്ങളെയും മാനിക്കും. വിദ്വേഷം പടർത്തുന്നവരെ പരാജയപ്പെടുത്തും. വിലക്കയറ്റം, തൊഴിലില്ലായ്മ, പട്ടിണി എന്നിവയ്ക്കെതിരെ പോരാടും. മഹാത്മാഗാന്ധിയുടെ പിൻമുറക്കാർ ആരെയും ഭയപ്പെടുന്നില്ല. രണ്ടു ദശാബ്‌ദക്കാലം പാർട്ടിയെ നയിച്ച സോണിയയ്‌ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

 സ്നേഹത്തിന് നന്ദി പറഞ്ഞ് സോണിയ

അദ്ധ്യക്ഷയായി വലിയൊരു ഉത്തരവാദിത്വമാണ് പാർട്ടി ഏൽപ്പിച്ചതെന്നും ആത്‌മാർത്ഥതയോടെ കർത്തവ്യങ്ങൾ നിർവഹിക്കാൻ ശ്രമിച്ചെന്നും വിടവാങ്ങൽ പ്രസംഗത്തിൽ സോണിയ പറഞ്ഞു. പ്രവർത്തകരും നേതാക്കളും ചൊരിഞ്ഞ സ്‌നേഹം അവസാന ശ്വാസം വരെയും മറക്കില്ല. പ്രതിന്ധികൾ നേരിട്ടപ്പോഴൊന്നും പാർട്ടി തളർന്നിട്ടില്ല. എല്ലാ പ്രശ്‌നങ്ങളും തരണം ചെയ്യാനാകുമെന്ന് ഉറപ്പുണ്ട്. മാറ്റം പ്രകൃതി നിയമമാണ്. നിശ്ചയദാർഢ്യത്തോടെ, പൂർണ ശക്തിയോടെ, സമ്പൂർണ ഐക്യത്തോടെ ഇനിയും മുന്നേറണമെന്നും അതിന് ഖാർഗെയുടെ നേതൃത്വത്തിന് കഴിയുമെന്നും സോണിയ പറഞ്ഞു.