
ന്യൂഡൽഹി: രാജ്യത്തിന്റെ അഭിവൃദ്ധിക്ക് പുതിയ കറൻസി നോട്ടുകളിൽ ലക്ഷ്മി ദേവിയുടെയും ഗണപതി ഭഗവാന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളും ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് കെജ്രിവാൾ ഹിന്ദുകാർഡിറക്കിയത്. ഇക്കാര്യം ആവശ്യപ്പെട്ട് ഉടൻ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്നും കെജ്രിവാൾ ഡൽഹിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിലിറക്കുന്ന എല്ലാ കറൻസികളിലും ഇത് നടപ്പിലാക്കണം. പുതിയനോട്ടിന്റെ ഒരു ഭാഗത്ത് മഹാത്മാഗാന്ധിയുടെയും മറുഭാഗത്ത് ലക്ഷ്മിദേവിയുടെയും ഗണപതി ഭഗവാന്റെയും ചിത്രം ഉൾപ്പെടുത്തണം. എത്ര ആത്മാർത്ഥമായി പരിശ്രമിച്ചാലും ദൈവങ്ങളുടെ അനുഗ്രഹമില്ലെങ്കിൽ നമ്മുടെ കഠിനമായ പ്രയത്നങ്ങൾ ഫലം ചെയ്യില്ല. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടണമെങ്കിൽ ഈശ്വരന്റെ അനുഗ്രഹം കൂടി വേണമെന്നും കെജ്രിവാൾ പറഞ്ഞു.
ഇന്തോനേഷ്യൻ കറൻസിയിൽ ഗണപതി
മുസ്ലിം രാജ്യമായ ഇന്തോനേഷ്യ കറൻസി നോട്ടിൽ ഗണപതിയുടെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കെജ്രിവാൾ ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ ഇന്ത്യയെ പോലുള്ള രാജ്യത്തിന് എന്ത് കൊണ്ട് ഇത്തരമൊരു തീരുമാനം എടുത്തുകൂടെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യൻ സമ്പദ്ഘടന നല്ല നിലയിലല്ല. രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യമാണ്. ഇന്ത്യ സമ്പന്നമകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് പാർട്ടി പൂർണ സജ്ജമാണ്. ദേശീയ തലസ്ഥാനത്തെ ജനങ്ങൾ ബി.ജെ.പിയെ തള്ളുമെന്നു അദ്ദേഹം വ്യക്തമാക്കി.