nayanthara

ന്യൂഡൽഹി: സിനിമാതാരം നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും വാടക ഗർഭധാരണനിയമം ലംഘിച്ചിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ. വാടക ഗർഭധാരണത്തിലൂടെ ദമ്പതികൾക്ക് അടുത്തിടെ ഇരട്ട ആൺകുട്ടികൾ പിറന്നിരുന്നു. സംഭവം വിവാദമായതോടെ നിയമലംഘനമുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ തമിഴ്നാട് ആരോഗ്യവകുപ്പ് രൂപീകരിച്ച അന്വേഷണ സമിതിയാണ് റിപ്പോർട്ട് നൽകിയത്. നയൻതാരയും വിഘ്നേഷ് ശിവനും 2016 മാർച്ച് 11ന് നിയമപരമായി വിവാഹിതരായെന്നും വാടക ഗർഭധാരണത്തിന് വേണ്ട എല്ലാ നടപടി ക്രമങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും പാലിച്ചെന്നും റിപ്പോർട്ടിലുണ്ട്. വാടക ഗർഭധാരണത്തിന് ദമ്പതികൾ കാത്തിരിക്കേണ്ട കാലയളവ് പാലിച്ചിട്ടുണ്ട്. എല്ലാരേഖകളും ദമ്പതികൾ അന്വേഷണസമിതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ഐ.സി.എം.ആർ നിയമങ്ങൾക്കനുസൃതമായി എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും പാലിച്ചിട്ടുണ്ട്. വാടക ഗർഭം ധരിച്ച സ്ത്രീ വിവാഹിതയായ ഒരു കുട്ടിയുടെ മാതാവാണ്. ഇതും വാടക ഗർഭധാരണത്തിനുള്ള നിബന്ധനയാണെന്നും സമിതി പറയുന്നു. എന്നാൽ ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുടുംബ ഡോക്ടർ വിദേശത്തായതിനാൽ തെളിവെടുക്കാൻ സമിതിക്ക് കഴിഞ്ഞില്ല. അതേസമയം ഗർഭധാരണവുമായി ബന്ധപ്പെട്ട രേഖകൾ കൃത്യമായി സൂക്ഷിക്കാതിരുന്ന സ്വകാര്യ ആശുപത്രി വലിയ വീഴ്ച വരുത്തിയെന്നും സമിതി ചൂണ്ടിക്കാട്ടി. ഐ.സി.എം.ആർ ചട്ടങ്ങൾ ലംഘിച്ച ആശുപത്രി പൂട്ടാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സമിതി നോട്ടീസും നൽകി.

2022 ജൂൺ 9ന് വിവാഹിതരായ ഇവർക്ക് നാല് മാസത്തിനുള്ളിൽ എങ്ങനെ കുട്ടികളുണ്ടായി എന്നത് സംബന്ധിച്ചാണ് ആദ്യം വിവാദമുണ്ടായത്.

തുടർന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറും രണ്ട് പീഡിയാട്രിക് ഡോക്ടർമാരും ഉൾപ്പെടുന്ന നാലംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത്.