trs

ന്യൂഡൽഹി: തെലങ്കാനയിലെ ഭരണ കക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടി.ആർ.എസ്) എം.എൽ.എമാരെ ഓപ്പറേഷൻ താമരയിലൂടെ ബി.ജെ.പിയിലെത്തിക്കാനെത്തിയ മൂന്ന് ഇടനിലക്കാരെ ഹൈദരാബാദ് അസീസ് നഗറിലുള്ള ഫാം ഹൗസിൽ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. ഇവരിൽ നിന്ന് 15 കോടി രൂപയും പിടികൂടി. വ്യവസായിയും ഡക്കാൻ പ്രൈഡ് ഹോട്ടൽ ഉടമയും കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയുടെ അടുപ്പക്കാരനുമായ നന്ദകുമാർ, ഹരിയാനയിലെ ഫരീദാബാദിൽ പുരോഹിതനായ സ്വാമി രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ്മ, തിരുപ്പതി സ്വദേശി ഡി. സിംഹയാജുലു എന്നിവരാണ് തെലങ്കാന പൊലീസിന്റെ പിടിയിലായത്.

ടി.ആർ.എസ് എം.എൽ.എമാരായ രേഗകാന്ത റാവു, ഗുവ്വല ബാലരാജു, ബീരം ഹർഷവർദ്ധൻ റെഡ്ഡി, പൈലറ്റ് രോഹിത് റെഡ്ഡി എന്നിവരുമായി ചർച്ച നടത്താനാണ് ഇവരെത്തിയത്.

അതേസമയം എം.എൽ.എമാരെ കുറുമാറ്റിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം പരാജയപ്പെട്ടെന്ന് ടി.ആർ.എസ് പറഞ്ഞു. വ്യാജ തിരിച്ചറിയൽ രേഖകയുമായാണ് ഇടനിലക്കാർ എം.എൽ.എമാരുമായുള്ള ചർച്ചയ്‌ക്കായി രോഹിത് റെഡ്ഡിയുടെ ഫാം ഹൗസിലെത്തിയത്. ചർച്ചയെക്കുറിച്ച് രോഹിത് റെഡ്ഡിയാണ് പൊലീസിലും പരാതി നൽകിയിരുന്നത്.

ഓരോ എം.എൽ.എമാർക്കും 50 കോടി രൂപ വാഗ്ദാനം ചെയ്തെന്നാണ് ടി.ആർ.എസിന്റെ ആരോപണം. കൂടാതെ ഒരു പ്രധാന നേതാവിന് 100 കോടി രൂപ വാഗ്ദാനം ചെയ്തെന്നും ഫാം ഹൗസിലെ റെയ്ഡിന് നേതൃത്വം നൽകിയ സൈബരാബാദ് പൊലീസ് കമ്മിഷണർ സ്റ്റീഫൻ രവീന്ദ്ര പറഞ്ഞു. പ്രധാനപ്പെട്ട സ്ഥാനങ്ങളും വാഗ്ദാനം ചെയ്തു.

കാര്യങ്ങൾ ഏകോപിപ്പിച്ചതും മറ്റ് രണ്ട് പേരെ ഹൈദരാബാദിലെത്തിച്ചതും നന്ദകുമാറാണ്. ഇവർ വന്ന കാറും നിരവധി ബാഗുകളും പൊലീസ് പിടിച്ചെടുത്തു. രോഹിത് റെഡ്ഡി എം.എൽ.എ വിവരം നൽകിയതിനെ തുടർന്നായിരുന്നു റെയ്ഡ്. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും കനത്ത സുരക്ഷയിൽ മൊയ്നാബാദ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

 മൂന്നുപേർ നേരത്തെ കൂറുമാറിയവർ

രോഗകാന്ത റാവു, ഹർഷവർദ്ധൻ റെഡ്ഡി, രോഹിത് റെഡ്ഡി എന്നിവർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷം കോൺഗ്രസിൽ നിന്ന് ടി.ആർ.എസിലേക്ക് കൂറുമാറിയവരാണ്.

എം.എൽ.എമാരെ വിലക്കെടുക്കാൻ ശ്രമിക്കുന്ന ബി.ജെ.പി ഗൂഢാലോചനയ്ക്കെതിരെ ടി.ആർ.എസ് മന്ത്രിമാരായ ഗാംഗുല കമലാകർ, എ. ഇന്ദ്രകരൺ റെഡ്ഡി, വി. ശ്രീനിവാസ് ഗൗഡ് എന്നിവർ ഹൈദരാബാദ് - വിജയവാഡ ദേശീയ പാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മുനുഗോഡിൽ ടി.ആർ.എസ് തോൽക്കുമെന്ന് ഉറപ്പായതോടെയാണ് മുഖ്യമന്ത്രി നാടകം സംഘടിപ്പിച്ചതെന്നാണ് തെലങ്കാന ബി.ജെ.പി നേതാക്കളായ ഡി.കെ. അരുണയും ഡി. അരവിന്ദ് എം.പിയും ആരോപിച്ചു. സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നാടകമാണിതെന്നും അവർ പറഞ്ഞു.