
ന്യൂഡൽഹി: രാഷ്ട്രീയ ഏകതാ ദിവസ് ചടങ്ങിനോടനുബന്ധിച്ച് ഗുജറാത്തിലെ കെവാദിയയിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുമ്പിൽ ആദിവാസി കുട്ടികളുടെ സംഗീത ബാൻഡ് പരിപാടി അവതരിപ്പിക്കും. ഗുജറാത്തിലെ അംബാജി ക്ഷേത്രത്തിന് മുന്നിൽ ഭിക്ഷയെടുത്തിരുന്ന കുട്ടികളെ ശ്രീ ശക്തി സേവാകേന്ദ്രം എന്ന പ്രാദേശിക സന്നദ്ധ സംഘടന സംഗീതം പഠിപ്പിച്ച് സംഗീത ബാൻഡ് രൂപീകരിക്കുകയായിരുന്നു. സെപ്‌തംബറിലും ഇവർ പ്രധാനമന്ത്രിക്ക് മുന്നിൽ പരിപാടി അവതരിപ്പിച്ചിരുന്നു.
അന്ന് കുട്ടികളുടെ പ്രകടനത്തെ അഭിനന്ദിച്ച മോദി അവരുമായി സംവദിക്കുകയും ചെയ്‌തു. തുടർന്ന് കെവാദിയയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം കുട്ടികളെ ക്ഷണിക്കുകയായിരുന്നു. 31ന് സർദാർ പട്ടേലിന്റെ 147-ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും.