modi

ന്യൂഡൽഹി:ഇന്ത്യൻ വ്യോമസേനയ്‌ക്കു വേണ്ടി ആധുനിക സി -295 ചരക്കു വിമാനങ്ങൾ നിർമ്മിക്കാൻ രാജ്യത്താദ്യമായി സ്വകാര്യ മേഖലയിൽ സ്ഥാപിക്കുന്ന കൂറ്റൻ പ്ലാന്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഗുജറാത്തിലെ വഡോദരയിൽ തറക്കല്ലിട്ടു.

ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്‌പേസും സംയുക്തമായാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. സ്പാനിഷ് കമ്പനിയിൽ നിന്നുള്ള സാങ്കേതിക വിദ്യാ കൈമാറ്റത്തിലൂടെ ടാറ്റയാണ് വിമാനങ്ങൾ നിർമ്മിക്കുന്നത്.

56 സി-295 ട്രാൻസ്പോർട്ട് വിമാനങ്ങൾ വാങ്ങാൻ 2021 സെപ്തംബറിൽ എയർബസ് ഡിഫൻസ് ആൻഡ് സ്പേസുമായി ഒപ്പിട്ട 21,935 കോടി രൂപയുടെ കരാറിന്റെ ഭാഗമാണ് പ്ലാന്റ്. ഇന്ത്യയുടെ പ്രതിരോധ വ്യോമമേഖലയിൽ ഇത്രയും ഭീമമായ നിക്ഷേപം ആദ്യമാണ്.യൂറോപ്പിന് പുറത്ത് സി-295 വിമാനം നിർമ്മിക്കുന്നതും ആദ്യമാണ്.

വ്യോമസേനയ്‌ക്ക് നിലവിൽ 56 ആവ്‌റോ - 748 ചരക്കുവിമാനങ്ങളാണുള്ളത്. അറുപതുകളിൽ വാങ്ങിയ ഇവ കാലഹരണപ്പെട്ടു വരുന്നതിനാലാണ് സി-295 വിമാനങ്ങൾ നിർമ്മിക്കുന്നത്. സി - 295 വിമാനങ്ങൾ സ്വന്തമാക്കുന്ന 35ാമത്തെ രാജ്യമാവും ഇന്ത്യ. അടിയന്തര സാഹചര്യങ്ങളിലും സൈന്യത്തിന്റെ ചരക്ക് നീക്കങ്ങൾക്കും ഫലപ്രദമാണിവ. ഇന്ത്യയിൽ നിന്ന് സി-295 വിമാനങ്ങൾ വാങ്ങാൻ കാനഡ, ഈജിപ്ത്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കരാർ ഇങ്ങനെ

 മൊത്തം 56 സി -295 വിമാനങ്ങൾ

 16 വിമാനങ്ങൾ സ്പെയിനിൽ നിർമ്മിക്കും

 ഇവ 2023 - 2025ൽ ഇന്ത്യക്ക് കൈമാറും.

 ബാക്കി 40 എണ്ണം വഡോദരയിൽ ടാറ്റ നിർമ്മിക്കും.

 2026 മുതൽ 2031വരെ വർഷം എട്ട് വിമാനങ്ങൾ വീതം പൂർത്തിയാക്കും

ഏത് കാലാവസ്ഥയും ഭൂപ്രദേശവും പത്ഥ്യം

 ലോകത്താകെ 285 സി - 295 വിമാനങ്ങൾ

 ഇവ മൊത്തം അഞ്ച് ലക്ഷം മണുക്കൂറുകൾ പറന്നു

 34 രാജ്യങ്ങളിലായ 38 ഓപ്പറേറ്റർമാർ

 50 പാരാട്രൂപ്പർ മാരെയോ 70 യാത്രക്കാരെയോ വഹിക്കും.

 പൂർണ റൺവേ വേണ്ട

 നീളം കുറഞ്ഞ റൺവേ മതി

 പാരാ ഡ്രോപിംഗിന് പിന്നിൽ റാമ്പ് ഡോർ

 ഏത് കാലാവസ്ഥയിലും ഭൂപ്രദേശങ്ങളിലും ഉപയോഗിക്കാം

 10 ടൺ വരെ ഭാരം വഹിക്കും.

 ഏഴ് സംസ്ഥാനങ്ങളിലെ 25 ചെറുകിട യൂണിറ്റുകളാണ് സി-295 ന്റെ 13,400 പാർട്സുകളും 4600 സബ്ബ് അസംബ്ലികളും നിർമ്മിക്കുന്നത്.

 56 വിമാനങ്ങളിലും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഭാരത് ഡൈനാമിക്സ് ലിമിറ്റഡും ചേർന്ന് വികസിപ്പിച്ച ഇലക്ട്രോണിക് യുദ്ധസന്നാഹങ്ങൾ