
ന്യൂഡൽഹി: ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്ന് വീമ്പിളക്കുകയല്ലാതെ ബി.ജെ.പി അത് നടപ്പിലാക്കുന്നില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഇത് പോലെ വാഗ്ദാനം നൽകി കമ്മിറ്റി രൂപീകരിച്ചു. പിന്നീട് അത് അപ്രത്യക്ഷമായി. കഴിഞ്ഞ ദിവസം ഗുജറാത്തിലും ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാൻ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതും അപ്രത്യക്ഷമാകും. ഭാവ് നഗറിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി അധികാരത്തിലുള്ള മദ്ധ്യപ്രദേശിലും ഉത്തർപ്രദേശിലും ഇത് നടപ്പിലാക്കാൻ ബി.ജെ.പി തയ്യാറാകാത്തത് എന്തു കൊണ്ടാണ്. അരവിന്ദ് കേജ്‌രിവാൾ ചോദിച്ചു. ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിൽ പറയുന്നത് പ്രകാരം ഏക സിവിൽ കോഡ് നടപ്പിലാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഏകാഭിപ്രായത്തോടെ ഇത് നടപ്പിലാക്കാം. എന്നാൽ, ബി.ജെ.പിയുടേത് തിരഞ്ഞെടുപ്പ് തട്ടിപ്പ് മാത്രമാണെന്ന് കേജ്‌രിവാൾ വ്യക്തമാക്കി.