
ന്യൂഡൽഹി: മാനഭംഗ, ലൈംഗികാതിക്രമക്കേസുകളിലെ ഇരകളിൽ രണ്ട് വിരൽ പരിശോധന നടത്തുന്നതിനെ സുപ്രീം കോടതി വിലക്കി. വിലക്ക് ലംഘിച്ച് പരിശോധന നടത്തുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു.
ഇപ്പോഴും ഇത്തരം പരിശോധനകൾ നടക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, ഇത്തരം പരിശോധനകൾക്ക് ശാസ്ത്രീയാടിത്തറയില്ലെന്നും ചൂണ്ടിക്കാട്ടി. മുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുള്ള സ്ത്രീയെ മാനഭംഗം ചെയ്യാൻ കഴിയില്ലെന്ന തെറ്റായ പുരുഷാധിപത്യ സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധന. ലൈംഗികാതിക്രമത്തിനും മാനഭംഗത്തിനും വിധേയരായവരെ രണ്ട് വിരൽ പരിശോധനയ്ക്ക് വിധേയരാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് നിർദ്ദേശിച്ച കോടതി,
സംസ്ഥാന ഡി.ജി.പിമാരെ ഇക്കാര്യം അറിയിക്കാനും ആവശ്യപ്പെട്ടു. ലൈംഗികാതിക്രമക്കേസിലെ പ്രതിക്കെതിരായ ശിക്ഷാവിധി പുനഃസ്ഥാപിച്ചു കൊണ്ടായിരുന്നു ഉത്തരവ്. മാനഭംഗക്കേസിൽ വിചാരണക്കോടതിയുടെ ശിക്ഷ റദ്ദാക്കിയ തെലങ്കാന ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലാണ് കോടതി പരിഗണിച്ചത്.
പാഠ്യപദ്ധതിയിൽ
നിന്ന് നീക്കണം
മെഡിക്കൽ കോളേജുകളിലെ പാഠ്യപദ്ധതിയിൽ നിന്ന് രണ്ട് വിരൽ പരിശോധന സംബന്ധിച്ച ഭാഗം നീക്കാനും, ലൈംഗികാതിക്രമത്തെ അതിജീവിച്ചവരെ പരിശോധിക്കുന്നതിനുള്ള ഉചിതമായ നടപടിക്രമങ്ങൾ അറിയിക്കുന്നതിന് ആരോഗ്യ മേഖലയിലുളളവർക്ക് വർക്ക് ഷോപ്പുകൾ നടത്താനും സുപ്രീംകോടതി നിർദ്ദേശിച്ചു. ഇരയുടെ ലൈംഗിക പശ്ചാത്തലം മാനഭംഗക്കേസിൽ പ്രസക്തമല്ല. അതിജീവിതയെ വീണ്ടും പീഡിപ്പിക്കുന്നതും, മാനസികമായി തളർത്തുന്നതുമാണ് ഈ പരിശോധന. ഇതിന്പകരം രൂപം നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ലഭ്യമാണെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണം.
ആ പരിശോധന ഇങ്ങനെ
സ്ത്രീകളുടെ സ്വകാര്യ ഭാഗത്തിലേക്ക് വിരലുകൾ കയറ്റി മസിലുകളുടെ ബലം നോക്കി കന്യകാത്വം പരിശോധിക്കുന്ന രീതിയാണിത്. മാനഭംഗത്തിന് ഇരയായ വ്യക്തിയുടെ സ്വകാര്യതയും അന്തസ്സും ഹനിക്കുന്നതാണ് ഈ പരിശോധനയെന്ന് കോടതി നിരീക്ഷിച്ചു. ഫലം പോസിറ്റീവാണെങ്കിൽ പോലും ഇരയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെന്ന് വിലയിരുത്താനാകില്ല. 2013ലെ സുപ്രീംകോടതി ഉത്തരവിൽ രണ്ട് വിരൽ പരിശോധന മനുഷ്യാവകാശ ലംഘനമാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.