govindan-mash

ന്യൂഡൽഹി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പാർട്ടി പോളിറ്റ്ബ്യൂറോയിൽ ഉൾപ്പെടുത്താൻ കേന്ദ്ര കമ്മിറ്റി യോഗം അംഗീകാരം നൽകി. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തെ തുടർന്നുള്ള ഒഴിവിലാണ് നിയമനം. മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ.ബേബി, എ. വിജയരാഘവൻ എന്നിവരാണ് 17 അംഗ പി.ബിയിലെ കേരളത്തിൽ നിന്നുള്ള മറ്റംഗങ്ങൾ.

ഞായറാഴ്ച ചേർന്ന പി.ബി യോഗത്തിൽ എം.വി. ഗോവിന്ദനെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ധാരണയായിരുന്നു. ഇന്നലെ കേന്ദ്രകമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് എം.വി. ഗോവിന്ദന്റെ പേര് നിർദ്ദേശിച്ചത്. കണ്ണൂർ മൊറാഴ സ്വദേശിയായ എം.വി. ഗോവിന്ദൻ രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിയായിരിക്കെയാണ് ഇക്കഴിഞ്ഞ ആഗസ്റ്റിൽ കോടിയേരി ബാലകൃഷ്‌ണന്റെ പിൻഗാമിയായി സംസ്ഥാന സെക്രട്ടറിയായത്. 2018 മുതൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും 2006 മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ഗോവിന്ദൻ ,തളിപ്പറമ്പ് മണ്ഡലത്തിലെ സിറ്റിംഗ് എം.എൽ.എയാണ്.

സി.പി.എമ്മിന്റെ പ്രധാനപ്പെട്ട കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും, പാർട്ടി അർപ്പിച്ച വിശ്വാസം സംഘടനാ പ്രവർത്തനങ്ങളിലൂടെയും രാഷ്‌ട്രീയ നിലപാടുകളിലൂടെയും കാത്തുസൂക്ഷിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.