priyanka

ന്യൂഡൽഹി: മുഖ്യമന്ത്രി ജയറാം താക്കൂറിന് ഹിമാചൽ പ്രദേശിലെ തൊഴിലില്ലായ്മ പരിഹരിക്കാനായില്ലെന്നും കോൺഗ്രസിന് അവസരം നൽകിയാൽ അത് പരിഹരിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. മാണ്ഡിയിൽ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ കേന്ദ്രീകരിച്ചതിനാൽ പ്രിയങ്കയാണ് ഹിമാചലിൽ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. പരിപാടിക്കുമുൻപ് പ്രിയങ്ക ബാബ ഭൂതനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു.

ഹിമാചലിൽ 63,000 സർക്കാർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. തൊഴിലില്ലായ്മയും പണപ്പെരുപ്പവും വർദ്ധിക്കുകയാണ്. സർക്കാരിനെ മാറ്റിയാലേ ഇതിന് പരിഹാരമുണ്ടാകു. കോൺഗ്രസ് വന്നാൽ പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരുമെന്നും പ്രിയങ്ക പറഞ്ഞു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും റാലിയിൽ പങ്കെടുത്തു. നവംബർ 12ന് തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശിൽ വീണ്ടും അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഡിസംബർ എട്ടിന് വോട്ടെണ്ണൽ നടക്കും.