caa

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് (സി.എ.എ) എതിരായ ഹർജികൾ പരിഗണിക്കുന്നത് ഡിസംബർ 6 ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജികൾ പരിഗണിച്ചത്.

ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സമർപ്പിച്ച ഹർജി മുഖ്യ വിഷയമായി പരിഗണിക്കാൻ ബെഞ്ച് തീരുമാനിച്ചു. ലീഗിന്റെ അഭിഭാഷക പല്ലവി പ്രതാപ്, അഭിഭാഷകനായ കനു അഗർവാൾ എന്നിവരെ നോഡൽ കൗൺസൽമാരായി കോടതി നിർദ്ദേശിച്ചു. ഒന്നിലധികം വീക്ഷണങ്ങൾ ഉയർത്തുന്ന വിവിധ ഹർജികളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടോ മൂന്നോ പ്രധാന വിഷയങ്ങളായി തിരഞ്ഞെടുത്ത് പ്രസക്തമായ എല്ലാ രേഖകളും ശേഖരിക്കാൻ കൗൺസൽമാരോട് കോടതി നിർദ്ദേശിച്ചു. പുതിയ ചീഫ് ജസ്റ്റിസ് ആയി ഡി.വൈ. ചന്ദ്രചൂഡ് അധികാരമേറ്റശേഷം ഉചിതമായ ബെഞ്ച് ഹർജികൾ

പരിഗണിക്കും.

സി.എ.എ നടപ്പാക്കിയ കേന്ദ്രസർക്കാരിന്റെ നടപടികളെ ചോദ്യം ചെയ്ത 232 ഹർജികളാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്.

2020 ജനുവരിയിൽ കേസ് പരിഗണിച്ച കോടതി കേന്ദ്രസർക്കാരിൽ നിന്ന് മറുപടി തേടിയിരുന്നു. നിയമം ഭരണഘടന വിരുദ്ധമല്ലെന്നും പാർലമെന്റിൽ പാസ്സാക്കിയ നിയമം കോടതിയുടെ പരിധിയിൽ വരുന്ന വിഷയമല്ലെന്നും കേന്ദ്ര സർക്കാർ സമർപ്പിച്ച 129 പേജുള്ള സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. വിശദ വാദങ്ങൾ പരിഗണിക്കേണ്ട വിഷയങ്ങൾ എഴുതി നൽകാൻ ഹർജിക്കാരോട് കഴിഞ്ഞ മാസം ഹർജി പരിഗണിച്ചപ്പോൾ കോടതി വ്യക്തമാക്കിയിരുന്നു. 2019 ഡിസംബർ 12ന് പാർലമെന്റിലെ ഇരുസഭകളിലും പാസ്സായ പൗരത്വ ഭേദഗതി നിയമം 2020 ജനുവരി 10 ന് നടപ്പിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനവും പുറത്തിറങ്ങിയിരുന്നു.

അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിൽ കുടിയേറുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി , ക്രിസ്ത്യൻ സമുദായങ്ങളിലുള്ളവർക്ക് പൗരത്വം നൽകുന്നതാണ് നിയമം.

ത്രിപുര, അസാം എന്നീ സംസ്ഥാനങ്ങൾ എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്ന് ഇന്നലെ ഹർജികൾ പരിഗണിക്കവെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഭൂമിശാസ്ത്രം, മതപരം എന്നീ കാര്യങ്ങളുൾപ്പെടെ വിവിധ വിഭാഗങ്ങളായി ഹർജികൾ തരം തിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ആർക്കും ഒരു വിധത്തിലുമുള്ള ദോഷവും ചെയ്യാത്തതാണ് പൗരത്വ ഭേദഗതി നിയമമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ‌്മൂലത്തിൽ പറയുന്നു. നിർദ്ദോഷകരമായ നിയമ നിർമ്മാണമാണ്. ഇന്ത്യയിലെ ഒരു പൗരന്റെയും അവകാശം കവർന്നെടുക്കുന്നില്ല. പതിറ്റാണ്ടുകളായി രാജ്യം നേരിടുന്ന പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ളതാണ് നിയമം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതല്ലെന്നും സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.