
അറിയാം വ്യത്യസ്തനാം സൈനുദ്ദീൻ മാസ്റ്ററുടെ കലാവിരുത്
കൊച്ചി: കുരിശിലേറ്റപ്പെട്ട ക്രിസ്തുരൂപം, കുഞ്ഞുണ്ണി മാഷ്, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങി ലോക പ്രശസ്തവ്യക്തികളും സംഭവങ്ങളും മന്ദിരങ്ങളും വെറുമൊരു ചോക്കുകഷണത്തിൽ മൊട്ടുസൂചികൊണ്ട് രാകിയെടുത്ത് വിസ്മയമൊരുക്കുകയാണ് സൈനുദ്ദീൻ. 42 വർഷംകൊണ്ട് 560ലേറെ ശില്പങ്ങളാണ് ഫോർട്ടുകൊച്ചി ചുള്ളിക്കൽ സ്വദേശി സൈനുദ്ദീൻ അമ്പലത്തെന്ന 68കാരൻ നിർമ്മിച്ചത്.
കുട്ടികളുടെ ഇഷ്ടകഥാപാത്രങ്ങളും പുരാണ കഥാപാത്രങ്ങളും ഗ്രാമഭംഗിയുമൊക്കെ ചോക്ക് ശില്പങ്ങളിലുണ്ട്. ഗായകൻ യേശുദാസ് സൈനുദ്ദീന്റെ വീട്ടിലെത്തി ശില്പങ്ങൾ കണ്ട് അഭിനന്ദിച്ചിരുന്നു.
33വർഷം ചിത്രകലാ അദ്ധ്യാപകനായിരുന്ന സൈനുദ്ദീൻ മട്ടാഞ്ചേരി ഗവ.ഗേൾസ് ഹൈസ്‌കൂളിൽ പഠിപ്പിക്കുന്നതിനിടെ കൈയിൽ നിന്ന് ചോക്ക് താഴെ വീണു. രണ്ടായൊടിഞ്ഞ ചോക്കുകഷണത്തിൽ മാസ്റ്റർക്ക് ഒരാൾരൂപം തോന്നി. അത് ചോക്കിൽ കൊത്താനുള്ള ശ്രമമാണ് വിസ്‌മയശില്പങ്ങളുടെ പിറവിയിലെത്തിയത്.
ഒരു രൂപത്തിനായി 20ലേറെ ചോക്കുകൾ വേണ്ടി വരാറുണ്ട്. ഒരു ശില്പം തീർക്കാൻ ചിലപ്പോൾ മാസങ്ങളെടുക്കും. ഗാന്ധിജിയുടെയും കുഞ്ഞുണ്ണിമാഷിന്റെയും ബഷീറിന്റെയുമൊക്കെ കണ്ണടക്കാലുകൾ കൊത്തിയെടുക്കൽ ഏറെ ശ്രമകരമായിരുന്നു. കുരിശിലേറ്റപ്പെട്ട ക്രിസ്തുവിന്റെ ശില്പമാണ് നിർമ്മിച്ചതിൽ ഏറെ സങ്കീർണം. 24-ാമത്തെ ചോക്കിലാണിത് പൂർത്തിയായത്. ഈർപ്പമടിച്ച് നശിക്കാതിരിക്കാൻ ശില്പങ്ങൾ കുപ്പിക്കുള്ളിലാക്കിയാണ് സൂക്ഷിക്കുന്നത്.
വിരമിച്ചശേഷം ചുള്ളിക്കലെ വീട്ടിൽ കഴിയുന്ന സൈനുദ്ദീൻ പണം വാങ്ങി ശില്പങ്ങൾ നൽകാറില്ല. ഗാനരചയിതാവ്, സംഗീത സംവിധായകൻ, റെക്കാഡിസ്റ്റ്, ത്രീഡി ചിത്രകാരൻ എന്നീ നിലകളിലും പ്രശസ്തനാണ് സൈനുദ്ദീൻ. നസീമയാണ് ഭാര്യ. ഷാഹിർ, ഷഹീറ, അൻഷിദ എന്നിവർ മക്കൾ.
പെയിന്റിംഗാണ് സങ്കീർണം
ശില്പങ്ങൾക്ക് നിറംനൽകാൻ നിർമ്മാണത്തേക്കാൾ സമയമെടുക്കും. പടരാതിരിക്കാനായി ഓയിൽ, അക്രിലിക് നിറങ്ങളാണ് ഉപയോഗിക്കുക. കളർ നൽകാൻ മാത്രം ഒരു മാസത്തിലേറെയെടുത്ത ശില്പവുമുണ്ട്.
ഗാന്ധിജി മുതൽ മായാവി വരെ
ഗാന്ധിജി, നെഹ്‌റു, ശ്രീനാരായണഗുരു, എ.പി.ജെ. അബ്ദുൾ കലാം, മൻമോഹൻസിംഗ്, എ.കെ.ജി., നായനാർ, അച്യുതാനന്ദൻ, പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുൽ ഗാന്ധി, ഒബാമ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ ശില്പങ്ങൾ ഏറെ അഭിനന്ദനം നേടി. കൃഷ്ണനും യേശുക്രിസ്തുവും ഉൾപ്പെടെ ദൈവരൂപങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, പ്രകൃതി ഭംഗി, ഈഫൽ ടവർ, മായാവി തുടങ്ങിയവയുമുണ്ട്.
ചോക്ക് ശില്പങ്ങളുടെ പ്രദർശനം നടത്തണമെന്നാണ് ആഗ്രഹം
സൈനുദ്ദീൻ അമ്പലത്ത്