
കൊച്ചി: വഴിയോരത്തെ ഉന്തുവണ്ടിയിൽ ഡൈനീഷ്യയ്ക്ക് ഇനി അച്ചാർ വിൽക്കേണ്ട. 'കേരളകൗമുദി"യിലൂടെ പുറംലോകം അറിഞ്ഞ അഞ്ചാംക്ലാസുകാരി ഡൈനീഷ്യയുടെ അച്ചാർ 'മാജിക്കിൾസ്"എന്ന പേരിൽ ഉടൻ ഓൺലൈൻവഴി വിപണിയിലെത്തും. അച്ചാർ കമ്പനിയുടെ രജിസ്ട്രേഷൻ പൂർത്തിയായി. ഈ മിടുക്കിയെ പ്രമുഖ മലയാളി സ്റ്റാർട്ടപ്പായ ഓപ്പൺ ഫിനാൻഷ്യൽ ടെക്‌നോളജീസ് ഏറ്റെടുത്തിരുന്നു.
കേരളകൗമുദിയിൽ ഏപ്രിൽ 13ന് പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടാണ് സംസ്ഥാനത്തെ ആദ്യ യൂണികോൺ പദവി നേടിയ ഓപ്പൺ ഫിനാൻഷ്യൽ ടെക്‌നോളജീസ് ഡൈനീഷ്യയുടെ രക്ഷയ്ക്കായി അച്ചാർ കമ്പനി തുടങ്ങാൻ തീരുമാനിച്ചത്. അമ്മ ജെസി റാഫേലാണ് മാജിക്കിൾസിന്റെ പാർട്ണർമാരിലൊരാൾ. ഭിന്നശേഷിക്കാരായ കൊല്ലത്തെ അശ്വതി, തിരുവനന്തപുരത്തെ ശ്രീക്കുട്ടൻ എന്നിവർ മറ്റ് പാർട്ണർമാരാകും. മൂന്നുപേർക്കും മാസം ഒരുലക്ഷം രൂപവീതം ശമ്പളമായി ലഭിക്കും. കമ്പനിയുടെ വളർച്ചയ്ക്ക് അനുസരിച്ച് ഇതിൽ മാറ്റംവരും. ലാഭവിഹിതത്തിന്റെ ഓഹരിയും മൂന്നുപേർക്കും ഉണ്ടാകും. സെലിബ്രിറ്റികൾ ബ്രാൻഡ് അംബാസഡർമാരാകും. മാജിക്കിൾസിന്റെ വെബ്സൈറ്റിലാണ് അച്ചാർ ആദ്യം വില്പനയ്ക്കെത്തുക. പിന്നീട് ആമസോണിലും ഫ്ളിപ്പ്കാർട്ടിലും ലഭ്യമാക്കും.
'ഈ ഉന്തുവണ്ടിയിലുണ്ട് നാലാംക്ലാസുകാരിയുടെ ജീവിതപാഠം"എന്ന കേരളകൗമുദി വാർത്തകണ്ട് ഡൈനീഷ്യക്ക് വീടുവച്ച് നൽകാൻ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം എ.എ. റഹീം എം.പിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ തയ്യാറായിട്ടുണ്ട്. ഇതിന്റെ നടപടികൾ പുരോഗമിക്കുന്നു.
ഓപ്പൺ ഫിനാൻഷ്യൽ ടെക്‌നോളജീസ്
ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന നിയോ ബാങ്കിംഗ് പ്ലാറ്റ്‌ഫോം. ബംഗളൂരുവാണ് ആസ്ഥാനം. സഹോദരങ്ങളും പെരിന്തൽമണ്ണ സ്വദേശികളുമായ അനീഷ് അച്യുതൻ, അജീഷ് അച്യുതൻ, തിരുവല്ല സ്വദേശി മേബിൾ ചക്കോ, മല്ലപ്പള്ളി സ്വദേശി ഡീന ജേക്കബ് എന്നിവരാണ് സ്ഥാപനമേധാവികൾ. കേരളത്തിലെ ആദ്യ യൂണികോൺ സ്റ്റാർട്ടപ്പ്.
''വളരെയേറെ സന്തോഷമുണ്ട്. ഞങ്ങൾക്ക് മാസം ഇത്രയും വലിയ തുക വരുമാനം ലഭിക്കും. മകളുടെ വിദ്യാഭ്യാസം സുരക്ഷിതമാകുന്നു. എല്ലാത്തിനും എല്ലാവരോടും നന്ദി.
യേശുദാസ്,
ഡൈനീഷ്യയുടെ പിതാവ്.