bridge

ആലുവ: പെരിയാറിന് കുറുകെയുള്ള ആലുവയിലെ രണ്ട് പാലങ്ങളും ആത്മഹത്യ മുനമ്പായി മാറിയത് നഗരവാസികളെ ആശങ്കയിലാക്കുന്നു. ദേശീയപാതയിൽ ആലുവ മാർത്താണ്ഡ വർമ്മ പാലവും കൊട്ടാരക്കടവിൽ നിന്ന് മണപ്പുറത്തേക്കുള്ള നടപ്പാലവുമാണ് ആത്മഹത്യ ശ്രമവുമായി വരുന്നവർ തിരഞ്ഞെടുക്കുന്നത്.

ആത്മഹത്യ ശ്രമം തടയുന്നതിനായി പാലത്തിന്റെ കൈവരികൾക്ക് മുകളിൽ നെറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതർ നടപടിയെടുത്തിട്ടില്ല. ചൊവ്വാഴ്ച്ചയും ചാലക്കുടി സ്വദേശി രജ്ഞിത്ത് സുബ്രഹ്മണ്യൻ ആലുവ പാലത്തിൽ നിന്ന് പെരിയാറിലേക്ക് ചാടി ആത്മഹത്യ ചെയ്തു. മുൻകാലങ്ങളെ അപേക്ഷിച്ച് പുഴയിൽ ചാടി മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്.

ചൊവ്വാഴ്ച്ചയും സമാനമായ മരണമുണ്ടായി. പെരിയാറിലെ ജലനിരപ്പും പാലങ്ങളുമായി വലിയ അന്തരമുണ്ട്. പുഴയിലേക്ക് ചാടുന്നവർ രക്ഷപ്പെടുക പ്രയാസമാണ്. അതിനാലാണ് ആത്മഹത്യ ശ്രമവുമായി വരുന്നവർ കൂടുതലായും ഇവിടെയത്തുന്നത്.

മക്കളെ പെരിയാറിൽ എറിഞ്ഞ് മാതാപിതാക്കളും ജീവനൊടുക്കുന്ന സംഭവങ്ങൾ ആലുവയിൽ പലതവണ ആവർത്തിച്ചു. കഴിഞ്ഞ സെപ്തംബർ 26നാണ് മാർത്താണ്ഡവർമ്മ പാലത്തിൽ നിന്ന് പെരിയാറിൽ ചാടി ചെങ്ങമനാട് പുതുവാശേരി സ്വദേശി ആത്മഹത്യ ചെയ്തത്. ആറുവയസുകാരിയായ സ്വന്തം മകളെയും പെരിയാറിലേക്ക് എറിഞ്ഞ ശേഷമാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ജൂൺ നാലിനും സമാനമായ സംഭവമുണ്ടായി. രണ്ട് കുട്ടികളെ പുഴയിലെറിഞ്ഞ ശേഷമാണ് പാലാരിവട്ടം സ്വദേശിയായ പിതാവും ആത്മഹത്യ ചെയ്തത്.

നടപ്പാലം പകൽ

സമയങ്ങളിൽ അടച്ചിടണം

പാലത്തിൽ നിന്നുള്ള ആത്മഹത്യയേറിയതോടെ പാലം പകൽ സമയങ്ങളിൽ അടച്ചിടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നേരത്തെ ദേവസ്വം ബോർഡ് പകൽ സമയം പാലം ഗേറ്റ് അടച്ച് പൂട്ടിയിരുന്നു. പ്രതിഷേധം ഉയർന്നപ്പോഴാണ് അതൊഴിവാക്കിയത്.

നെറ്റ് സ്ഥാപിക്കണമെന്ന്

ഡി.വൈ.എഫ്.ഐ

മാർത്താണ്ഡ വർമ്മ പാലത്തിലും മണപ്പുറം നടപ്പാലത്തിലും നെറ്റ് സ്ഥാപിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. നിവേദനം നൽകി.